Monday, September 19, 2011

ബാലേട്ടന്‍ദൂരെ നിന്നൊരു വിളി എന്നെ തേടിയെത്തിയോ? ആരോ എന്റെ ഹൃദയത്തില്‍ വേദനയുടെ ഒരു തിരി കത്തിച്ച് മടങ്ങിപ്പോയോ? അത് ഇന്നും നീറി നീറി കത്തുന്നുണ്ട്. എണ്ണ വറ്റി അവസാനം എന്നോടുകൂടി അതടങ്ങിയേക്കും! അങ്ങിനെ ഒരു മൌനം കൊണ്ട് എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നത് ! ഒന്ന് തേടി പോയാല്‍ കണ്ടെത്താവുന്നതല്ലേ ഉള്ളൂ... അല്ലെങ്കില്‍ ഒരെഴുത്ത്. എന്നിട്ടും ഒരന്വേഷണവും നടത്താതെ എന്നെ മുറിവേല്‍പ്പിച്ചു കടന്നുപോയ ഒരു ബന്ധത്തെ എങ്ങിനെ എനിക്ക് മറക്കാന്‍ കഴിയും. പക്ഷെ ഏതൊരു അന്വേഷണവും ആ വ്യക്തിയുടെ ഇന്നത്തെ അവസ്ഥയെ എനിക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ആവുമോ എന്നുള്ള ആധിയെ സാധൂകരിക്കുക അല്ലെ . പലപ്പോഴും ഉത്തരമില്ലാതെ ഞാന്‍ കുഴങ്ങുന്നു. എന്നിട്ടും, ഇന്നും ബാലേട്ടന്‍ അഞ്ചാറു വര്‍ഷത്തോളം എന്നിലെല്‍പ്പിച്ച ഊഷ്മള വികാരങ്ങളെ അയവിറക്കാന്‍ ഇഷ്ടപ്പെടുന്ന , മാറ്റങ്ങള്‍ ഇല്ലാത്ത ആ പഴയ സുഹൃത്തായ് ജീവിക്കുകയാണ്. പരുക്കന്‍ ജീവിതത്തിന്റെ തരിശു നിലങ്ങളിലൂടെ കാറ്റടിച്ചു പറന്നുപോയ ഒരു ജീവന്‍.... എന്റെ ബാലേട്ടന്‍. ഞാന്‍ മനസ്സറിഞ്ഞു സ്നേഹിച്ച വലിയ സുഹൃത്ത്.


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് സെപ്റ്റെമ്പര്‍ അഞ്ചിന് എറണാകുളത്തു ,കളമശ്ശേരിയില്‍ , എച് എം ടീ എസ്റ്റേറ്റില്‍ , പഡ്മിത്ത് ഫോര്‍ജ് എന്നാ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് സ്റ്റാഫ്‌ ആയി ജോലിയില്‍ കയറിയ സമയം . ആദ്യമായാണ്‌ കോഴിക്കോട് നിന്നും ഒരു ജോലിയ്ക്ക് വേണ്ടി ദൂരെയ്ക്ക് പോവുന്നത്. താമസ സൌകര്യം കമ്പനിക്ക്‌ അടുത്തു തന്നെ ഒരു ചെറിയ ലോഡ്ഗില്‍. ഒറ്റ മുറി. അവര്‍ തന്നെ നടത്തുന്ന ചായ ക്കടയില്‍ ഇടയ്ക്കു ഭക്ഷണവും. ചിലപ്പോള്‍ റൂമില്‍ ഉണ്ടാക്കും. ജീവിതം സന്തോഷം. നാട്ടില്‍ നിന്നും തിരിക്കുമ്പോള്‍ കുറച്ചു പുസ്തകവും കൊണ്ടുപോയിരുന്നു. ഒരു സന്ധ്യക്ക്‌ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മേശക്കു മുന്‍പില്‍ ആരോ വന്നു നിന്ന പോലെ.. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ആറടി ഉയരം ഉള്ള ഒരാള്‍. നല്ല ആരോഗ്യം. കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആടുന്നുണ്ട്. രൂക്ഷ ഗന്ധവും വരുന്നു. ചാരായത്തിന്റെ ഗന്ധം .
" പേരെന്താ "
" ഗിരിഷ് "
" അല്ലല്ലോ ?"
" അല്ലെ ?"
" വെറും ഗിരിഷ് അല്ലല്ലോ എന്ന്...: വര്‍മ്മ എന്താ പറയാത്തത് "
ഇങ്ങനെ ആയിരുന്നു പരിചയം..... ഇതൊരു വലിയ പരിചയം ആയി വളര്‍ന്നു. ബാലേട്ടന്‍ അടുത്ത റൂമില്‍ താമസം.
സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
" ഞാന്‍ ആദിവാസിയാ " വീട് ഇരിട്ടി , കണ്ണൂര്‍ "
" വീട്ടില്‍ അമ്മ , അനിയത്തി "
" എന്റെ അമ്മേനെ കണ്ടാല്‍ നമ്പൂരിച്യാന്നു തോന്നും. നല്ല വെളുത്തിട്ടാ"

ഇടയ്ക്കു പറയും .
" ഞാന്‍ തിയ്യനാ .. തലശ്ശേരി തിയ്യന്‍ "
ഞാന്‍ പറയും.
" ആരായാലെന്താ ബാലേട്ട "
മൂപ്പര്‍ എച് എം ട്ടീയില്‍ ടര്‍ണര്‍.
ഷിഫ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ ചാരായ ഷാപ്പിലോ, ബാറിലോ ആവും. കുടിച്ചു കഴിഞ്ഞാലോ അക്രമാസക്തന്‍ ആവും. സകലര്‍ക്കും പേടിയാണ് മൂപ്പരെ. പലപ്പോഴും വിഷാദനായെ കാണൂ... ഏതു ക്രൂര ഭാവത്തിലും ബാലേട്ടന്റെ മുഖത്തെ വിഷാദം കണ്ടിട്ട് ഞാന്‍ ചോദിക്കും.
" എന്താ ഇത്ര സങ്കടം" ഒരു ചിരി മാത്രം അതിനുത്തരം. മദ്യം ആ ജീവിതത്തെ ക്രമേണ കീഴടക്കുന്നത്‌ എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു .
ശനിയാഴ്ച , ഞായറാഴ്ച വൈകുന്നേരങ്ങളില്‍ പലപ്പോഴും ഞങ്ങള്‍ കിലോമീറ്ററുകള്‍ നടക്കും . പൈപ്പ് ലൈന്‍ റോഡ്‌ വഴി ആലുവക്ക്‌ അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും.... ചിലപ്പോള്‍ എലൂര്‍ക്ക്. ഏതെങ്കിലും ഓല ടാക്കീസില്‍ നിന്ന് സിനിമ കാണും..... ഞങ്ങള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ ഇല്ല. അന്ന് വീണ്ടും വീണ്ടും കണ്ട ഒരു സിനിമ ആയിരുന്നു കമലദളം . ഞങ്ങള്‍ക്ക് പ്രിയപ്പെട്ട നടി ആയിരുന്നു മോനിഷ . മോനിഷ മരിച്ച ദിവസം ഇന്നും ഓര്‍മ്മയുണ്ട്. കുറച്ചു ദിവസം ആയി ഞങ്ങള്‍ ചെറിയൊരു പിണക്കത്തില്‍ ആയിരുന്നു. ഉച്ചക്ക് ഞാന്‍ ഉണ്ണാന്‍ റൂമില്‍ വന്നപ്പോള്‍ ബാലേട്ടന്‍ ഷിഫ്റ്റ്‌ നേരത്തെ നിര്‍ത്തി റൂമില്‍ എത്തിയിരുന്നു. ഞാന്‍ ഊണ് കഴിച്ചു ഇറങ്ങാന്‍ നേരം വിമ്മിഷ്ടത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ബാലേട്ടന്‍. എന്തോ എന്നോട് പറയാന്‍ ഉണ്ട്. എന്നാല്‍ മിണ്ടാല്‍ ഒരു മടി. ഒടുവില്‍ മടിച്ചു മടിച്ചു എന്നരുകില്‍ വന്നു .
" മോനിഷ മരിച്ചു. നീ അറിഞ്ഞോ "
അങ്ങിനെ ആ മരണവിവരം അറിയിച്ചതോടെ ഞങ്ങള്‍ വീണ്ടും മിണ്ടാന്‍ തുടങ്ങി......
പള്ളിലാങ്കര എന്ന ആ കൊച്ചു ഗ്രാമത്തിന്റെ വടക്കേ അറ്റത്തായിരുന്നു ഞങ്ങള്‍ ശിവന്റെ അമ്പലം എന്ന് പേരെടുത്തു പറഞ്ഞിരുന്നു ചാരായഷാപ്പ് . ഒരു ഭാഗത്ത് കള്ളുഷാപ്പും, ഒരുഭാഗത്ത് ചാരായവും. നടത്തുന്നത് ശിവന്‍ എന്നാ ആള്‍ ആണ്. അതുകൊണ്ട് ശിവന്റെ അമ്പലം എന്ന് പേരും.
വിശാലമായ ഒരു വയലിന്റെ നടുക്ക് എന്‍ എ ഡി റോഡിലേക്ക് ചേരുന്ന റോഡരുകില്‍ ആയിരുന്നു ഈ ഷാപ്പ്‌. നല്ല മഴയുള്ള നേരത്ത് ഇതിനകത്തിരുന്നു സോമരസം നുകരാന്‍ ബഹുസുഖം ആണ്.
ഇടയ്ക്കു വെച്ച് ബാലേട്ടന് ക്വാര്‍ട്ടേര്‍സ് അനുവദിച്ചു കിട്ടി. ഒറ്റയ്ക്ക് അവിടെ പൊടിപൂരം തന്നെ. അടുത്തുള്ളവര്‍ക്ക് ശല്ല്യമായ്‌ മൂപ്പരുടെ വാസം പൊടിപൊടിച്ചു . കമ്പനിയിലേക്ക് പരാതികള്‍ പോയി. നോ രക്ഷ . മൂപ്പരുടെ സ്വഭാവം കൂടി കൂടി വന്നതേ ഉള്ളൂ....
പലപ്പോഴും എന്നോട് പറഞ്ഞിരുന്നു ഒരു മുറപ്പെണ്ണിന്റെ കാര്യം, ചന്ദ്രിക എന്ന് പേര്‍ . ബീ എഡിന് പഠിക്കുന്നു.
ആരാധനയോടെയെ പലപ്പോഴും അവരുടെ കാര്യം പറയുള്ളൂ.
" എന്നെ പോലെ ഒരുത്തനെ ഓള്‍ക്ക് ഇഷ്ട്ടാവോ.. "
" ഇഷ്ടാവും.. "
പിന്നീട് പറഞ്ഞുകേട്ടു അവരുടെ കല്ല്യാണം കഴിഞ്ഞു എന്ന്. കുടിയുടെ ഓരോ സ്റ്റെപ്പുകളും കയറി കയറി പോകുന്ന ബാലേട്ടനെ നോക്കിയിരിക്കാന്‍ ആയില്ല. കുറച്ചു കാലം പിന്നെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ . അത് കഴിഞ്ഞു വന്ന കുറെ നാളുകളില്‍ നല്ല പ്രകൃതം ആയിരുന്നു.
ഒരു ദിവസം സന്ധ്യക്ക്‌ വീണ്ടും ആടിയാടി വന്നു നിന്ന് പറഞ്ഞു......
" ഞാന്‍ മരിക്കുമെടോ .. വയ്യ... ജീവിച്ചു മതിയായെടോ "
ആര്‍ക്കും മനസ്സിലാവാത്ത എന്തൊക്കെയോ ആ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എച് എം ടീ കോളനിയിലെ വായനശാലയിലെ പുസ്തകങ്ങള്‍ എല്ലാം മൂപ്പര്‍ വായിച്ചതാണത്രെ ! പുസ്തകങ്ങളെ പറ്റി ഞങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യും. ചിലപ്പോള്‍ രാഷ്ട്രീയവും.
വീണ്ടും കുടി തുടങ്ങിയതോടെ മൂപ്പരെ പിടിച്ചാല്‍ കിട്ടാതായി. ഒരു ദിവസം എന്റെ ജോലിസ്ഥലത്തെക്ക് എച് എം ടീയിലെ യൂണിയന്‍ നേതാവ് കടന്നു വന്നു.
" വര്‍മ്മ വേഗം വരണം. അവിടെ ബാലന്‍ കുടിച്ചു ഭയങ്കര ബഹളം ആണ്. റൂം അടച്ചിട്ടിരിക്കയാണ്‌. താമസക്കാരോക്കെ വലിയ ഭീതിയില്‍ ആണ്. വര്‍മ്മ വന്നാലേ റൂം തുറക്കുള്ളൂ എന്ന് പറയുന്നു. റൂം ആകെ താറുമാറാക്കി എന്നാണു തോന്നുന്നത്"
ഇവര്‍ക്കാര്‍ക്കും പറ്റാത്ത കാര്യം ഞാന്‍ എന്ത് ചെയ്യാനാണ് . എന്നാലും ചെന്നു . കോണി പ്പടിയില്‍ ആള്‍ക്കാര്‍ നിരന്നു നില്‍പ്പുണ്ട്. ഓരോ വാതിലിന്റെ മുന്‍പിലും സ്ത്രീകളും കുട്ടികളും വേവലാതിയോടെ .. എന്റെ കയ്യും കാലും വിറച്ചും തുടങ്ങി. ഇനി ഞാന്‍ വിളിച്ചിട്ട് തുറന്നില്ലേല്‍ നാണക്കേടും ആയി.
ധൈര്യത്തോടെ വാതിലില്‍ മുട്ടി .
" ബാലേട്ടാ . വാതില്‍ തുറക്ക് .. ഞാനാ വര്‍മ്മ "
പെട്ടെന്ന് തന്നെ വാതില്‍ തുറന്നു.
" നീ വന്നോ. എത്ര നേരം ആയി നിന്നെ കാത്തിരിക്കുന്നു. എനിക്ക് ഉറങ്ങണം. വല്ലാത്ത ഉറക്കം വരുന്നു "
ഒരു തരത്തിലും നില്‍ക്കാന്‍ പോലും ആവാത്ത സുഹൃത്തിനെ കണ്ടു എന്റെ ചങ്ക് പിടച്ചു.
ഞാന്‍ നിലത്തു ഇരുന്നതും ബാലേട്ടന്‍ എന്റെ മടിയില്‍ തല വെച്ച് കിടന്നു. അടുത്ത നിമിഷം ഉറങ്ങുകയും ചെയ്തു.
ഞങ്ങള്‍ അവിടെ വെച്ച് പ്ലാന്‍ ചെയ്തതിന്‍ പ്രകാരം മൂപ്പരെ ഇരിട്ടിയിലേക്ക്‌ കൊണ്ടുപോവാന്‍ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു ബാലേട്ടനെ വിളിച്ചുണര്‍ത്തി ഞങ്ങള്‍ മൂന്നു പേരും കൂടെ ഇരിട്ടിയിലേക്ക്‌ യാത്ര തുടങ്ങി. ഒരു ബോധവും ഇല്ലാത്ത അവസ്ഥയില്‍ മൂപ്പര്‍ ഇരിട്ടി വരെ ബസ്സില്‍ ഇരുന്നതാണ് . അവിടെ ബസ്സിറങ്ങിയപ്പോള്‍ മൂപ്പര്‍ വല്ലാതെ അത്ഭുതപ്പെട്ടു.
" എന്റെ നാട്... നിന്നെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവരണം എന്നുണ്ടായിരുന്നു. ഇങ്ങനെ ആയിപ്പോയി അല്ലെ " എന്ന് .
ഇരിട്ടി അങ്ങാടിയില്‍ നിന്ന് മാറി ചെമ്മണ്‍ നിരത്തിലൂടെ കുറച്ചു പോയി. ഒരു കുന്നിന്‍ മുകളില്‍ ഒരു കൊച്ചു കൂര. തല വല്ലാതെ കുനിച്ചാലെ അങ്ങോട്ട്‌ കയറാന്‍ ആവുള്ളൂ.... തൊട്ടടുത്തു തന്നെ ഒരു വീട് പണിയുടെ സ്മാരകം പോലെ മൂപ്പല്‍ പിടിച്ച ചുവരുകള്‍ മാത്രം ഉള്ള പണിതീരാത്ത മറ്റൊരു വീടും. മദ്യപാനം കാരണം ബാലേട്ടന്റെ ആ വീട് പണി എന്നോ നിന്ന് പോയതാണ് . ആ അമ്മ വിളമ്പി തന്ന ചോറും, സാമ്പാറും, തോരനും, പപ്പടവും കഴിച്ചപ്പോള്‍ ഇന്ന് വരെ ഞാന്‍ ഇത്രയും നല്ല ഭക്ഷണം കഴിച്ചിട്ടില്ലെന്നു തോന്നി.
പറഞ്ഞാല്‍ കുറെയേറെ പറയാന്‍ ഉണ്ട്....... ഞാന്‍ ചുരുക്കുകയാണ്. പിന്നീട് ക്വാര്‍ട്ടേര്‍സിലേക്ക് തിരികെ വരുമ്പോള്‍ ആ അമ്മയും , അനിയത്തിയും കൂടെ ഉണ്ടായിരുന്നു. അതും കുറച്ചു കാലം മാത്രം. വീണ്ടും കുടിയുടെ മായിക വലയത്തില്‍ പെട്ട് ഒരു ദിനം വലിയ ഒരു ബഹളത്തോടെ അമ്മയെയും, അനിയത്തിയെയും വീട്ടിലേക്കു കൊണ്ടുവിടുക ആയിരുന്നു ബാലേട്ടന്‍. ആരും അറിഞ്ഞതുമില്ല. കുറച്ചു കാലം പിന്നെ സഹായത്തിനു ഒരു പയ്യന്‍ വന്നു ചേര്‍ന്ന്. അവനും മൂപ്പരുടെ ശല്ല്യം കാരണം തിരികെപോയി......
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു.... ഒരു ദിനം ബാലേട്ടന്‍ വന്നു പറഞ്ഞു.
" ഞാന്‍ ജോലി രാജിവെച്ചു " " പോവാണ് നാട്ടിലേക്ക് "
" അവിടെ ചെന്നിട്ടു ...."?
" കല്ല്‌ ചെത്താന്‍ പോവും...."
" ഇവിടെ നിന്നാല്‍ ഞാന്‍ ഉണ്ടാവില്ല... കുടിച്ചു മരിക്കും"
പൊയ്ക്കോട്ടേ എന്ന് ഞാന്‍ വിചാരിച്ചു. ഒരു നിറഞ്ഞ വൈകുന്നേരത്തില്‍ എന്നോട് യാത്ര പറഞ്ഞു ആ സുഹ്രത്ത് അവിടം വിട്ടു പോയി.....
കുറെ ദിവസം കഴിഞ്ഞു ഒരു ലെറ്റര്‍ വന്നു. കല്ല്യാണം കഴിഞ്ഞു . ഒരു പാവം കുട്ടിയാണ് എന്നെഴുതിയിരിക്കുന്നു. ഒരു വര്ഷം കഴിഞ്ഞു വന്ന ഒരു ലെറ്ററില്‍ ഒരു കുഞ്ഞും ഉണ്ടായി എന്ന്. സിദ്ധാര്‍ത് എന്ന് പേര്‍ .
ഒരിക്കല്‍ ആരോ പറഞ്ഞു കേട്ട്.... മൂപ്പര്‍ വീണ്ടും പഴയ പോലെ എന്ന്...... കാണാന്‍ പോകണം എന്ന് തീരുമാനിച്ച ഞാന്‍ അത് മാറ്റി വെച്ചു. പിന്നീട് ഒന്നും അറിഞ്ഞിട്ടില്ല. അന്വേഷിക്കാന്‍ പോകാന്‍ ഇപ്പോഴും മടിയാണ്. കാരണം അവിടെ ജീവനോടെ ഉണ്ടെന്നുള്ള ഒരു ധാരണയില്‍ എനിക്ക് ആ പ്രിയ സുഹൃത്തിനെ ഓര്‍ത്തുകൊണ്ടിരിക്കാലോ....

Friday, April 1, 2011

മാഷിന്റെ ഭാവിയോ, കുട്ടികളുടെ ഭാവിയോ?


തിരൂരില്‍ ബി .പി. അങ്ങാടി കോട്ടത്തറ യൂ പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ശ്രീ സൈതലവി മാസ്റ്റര്‍ തന്റെ സ്കൂളിലെ മുപ്പതോളം ആണ്‍ പെണ്‍ കുട്ടികളെ ലൈംഗിക പരമായി പീഡിപ്പിച്ചതായി ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത ഉണ്ട്. അധ്യാപനത്തിന്റെ മേന്മ എന്തെന്ന് അറിയാത്തവര്‍ ആണെന്ന് തോന്നുന്നു ഇന്ന് പല സ്കൂള്‍കളിലും കയറി പറ്റുന്നവര്‍ . പല ഇടത്തുന്നുമായി ഇത്തരം വാര്‍ത്തകള്‍ വന്നു തുടങ്ങുന്നു. സമൂഹത്തില്‍ ഏറ്റവും അധികം ബഹുമാനിക്കപെടുന്ന ഒരു പദവി ആണ് മാസ്റ്റര്‍ അഥവാ നമ്മുടെ മാഷ്‌ . മാഷേ എന്നാ ആ വിളി ... അതിന്റെ പവിത്രത നഷ്ടപെടുത്തുന്ന ഇത്തരം അധമന്മാരെ ഇനി നമ്മള്‍ മാഷ്‌ എന്ന് വിളിക്കണോ? ഗുരുകുല വിദ്യാഭ്യാസത്തിന്റെ തിളക്കമേറിയ ഒരു ചിത്രം മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍ ഭാരതീയര്‍. ഗുരുകുലത്തില്‍ തന്നെ താമസിച്ച് , ഗുരുവിനെയും , ഗുരുപത്നിയെയും സേവിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിടുക്കന്മാര്‍ പിറന്ന സംസ്കാരം ആണ് നമ്മുടേത്‌. ഇത്തരം അഭാസന്മാര്‍ ചെയ്തു കൂട്ടുന്ന പ്രക്രിയ കാരണം നമ്മുടെ കുട്ടികളുടെ ഭാവി ആണ് നശിക്കുന്നത്. എന്ത് സുരക്ഷയാണ് സ്കൂള്‍കളില്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നത് ? ആരാണ് ഇതിനു ഉത്തരം തരേണ്ടത്‌? അല്ലെങ്കില്‍ നമ്മള്‍ തന്നെ ഉത്തരം കണ്ടു പിടിക്കേണ്ടി വരുമോ? കാരണം നമ്മുടെ കുട്ടികളുടെ ഭാവി ആണ് നമുക്ക് വലുത്... ഓര്‍ക്കുക.

Saturday, March 26, 2011

ഡയറി ക്കുറിപ്പ്‌ -- 2

ജീവിതത്തില്‍ നിറഞ്ഞിരിക്കുന്ന എന്റെ മൌനങ്ങളെപ്പറ്റി ഞാനെന്താണ് കരുതിയിരിക്കുന്നത്?
അവ എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കുകളില്‍ അടയിരിക്കുകയാണെന്നോ ?
അവ വിരിയിച്ചെടുക്കുന്ന സ്വപ്‌നങ്ങള്‍ എനിക്ക് സ്വന്തമാണെന്നോ ?
മൌനത്തിന്റെ പുറന്തോട് , തെറ്റിധാരണകളില്‍ കൂടി അപഖ്യാതി കൂടി നേടി തരുന്നുണ്ട് എന്ന് പറയാതെവയ്യ....

Monday, January 24, 2011

ഡയറി ക്കുറിപ്പ്‌ -- 1മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ദര്‍ശിച്ച നിഴല്‍ നാടകങ്ങളിലെ കഥാപാത്രങ്ങളില്‍ പരിചിത മുഖങ്ങളോ? ഇവിടെ ഇപ്പോള്‍ ,
അവരുടെ
മുഖങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു. യഥാര്‍ത്ഥ മുഖങ്ങളെന്നു ധരിച്ചവമുഖാവരണങ്ങളായിരുന്നു. അവ കൊഴിഞ്ഞു വീഴുമ്പോള്‍, പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ മുഖം എനിക്ക്കാണേണ്ടതില്ല. പഴയ മുഖങ്ങളുടെ പുഞ്ചിരി , കൊഴിഞ്ഞു വീണ പഴുത്തിലകളുടെ മഞ്ഞ നിറം പോലെവിളറിയെങ്കിലും ജീവിതത്തിന്റെ അവസാന നിമിഷം വരെ മുഖാവരണങ്ങളെങ്കിലുംമധുരസ്മൃതികളായി എന്നില്‍ അവശേഷിക്കണം . കാരണം അവയില്‍ ഞാന്‍ യാഥാര്‍ത്യത ദര്‍ശിച്ചിരുന്നുഅവ തെല്ലെങ്കിലും ആത്മ സംതൃപ്തി നല്‍കിയിരുന്നു. വിശ്വാസ്യതയുടെ ശ്രുംഗങ്ങളില്‍ നിന്ന്അവിശ്വാസ്യതയുടെ സമതലങ്ങളിലേക്ക് അടര്‍ന്നു വീണു നഷ്ടപ്പെട്ടെങ്കിലും ...!!!
മതി.. മതി... അത് മാത്രം മതി...
.

Sunday, January 2, 2011

പെണ്‍കുട്ടി വൈകി എത്തിയ രാത്രി

ഇരുളിലേയ്ക്കാണ് ബസ്സിറങ്ങിയത് . ഇറങ്ങുമ്പോള്‍ കണ്ടക്റ്റരുടെ ചുഴിഞ്ഞ നോട്ടം, കിളിയുടെ മൂളിപ്പാട്ട് . ഇരുട്ടുമായി പൊരുത്തപ്പെടാന്‍ കുറച്ചു നേരമെടുത്തു. കവലയില്‍ ആരുമില്ല. ഒന്‍പതരയായപ്പോഴേക്കും .... അല്ലെങ്കിലും ആകെ മൂന്നോ നാലോ കടകള്‍ , അതും തുറക്കാത്തത്. നാട്ടുമ്പുറത്തെ ഈ ഇരുണ്ട കവലയില്‍ താന്‍ തനിച്ച് . പേടി ,ചിറകുകള്‍ കുടയുന്നുണ്ട്. വരണ്ടായിരുന്നു. അത് നടക്കില്ലായിരുന്നു. അവസാനത്തെ കുട്ടിയും പോയിക്കഴിഞ്ഞിരുന്നു. വാര്‍ഡന്‍ ചോദിച്ചു.
- സുമ പോണില്ലേ ? വിളിച്ചില്ലായിരുന്നോ വീട്ടിലേക്കു?-
താന്‍ പോയില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടമാവും. തനിക്കു കാവലായി ഇവിടെ കഴിയേണ്ടി വരും.
- വിളിച്ചു. ഞാന്‍ ഇറങ്ങ്വായി മാഡം-
കള്ളം പറഞ്ഞു. എന്തിനു അവരെ വിഷമിപ്പിക്കുന്നു. ലീവിന് വീട്ടില്‍ വന്നിട്ടുള്ള ഭര്‍ത്താവിന്റെ അടുത്തെത്താന്‍ തിടുക്കപ്പെടുന്ന അവരെ...

കറുത്ത ബാഗും തോക്കി റോഡിലേയ്ക്കിറങ്ങി . സമരം അക്രമാസക്തമായി , ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, കോളേജും , ഹോസ്റ്റലും ഒരാഴ്ചത്തേക്ക് അടയ്ക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് പല തവണ വിളിക്കയും ചെയ്തു. റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. ഒരു ധൈര്യത്തില്‍ ഇറങ്ങുകയായിരുന്നു. അഞ്ചു മണിക്ക് ടൌണില്‍ നിന്നുള്ള ബസ്സ്‌ പോവും. ഏഴരയ്ക്ക് കവലയില്‍ ഇറങ്ങാം. അപ്പോള്‍ പണി കഴിഞ്ഞു തിരികെ പോവുന്ന ആരെയെങ്കിലും തുണ കിട്ടിയേക്കും. എല്ലാം തെറ്റിയിരിക്കുന്നു. വഴിക്ക് ബസ്സ്‌ പെട്ടെന്ന് നിന്ന്. ഡ്രൈവറും , കിളിയും ആവുന്നത് നോക്കി. തുരുതുരെ സിഗരറ്റുകള്‍ വലിച്ചു തള്ളി കണ്ടക്റ്റര്‍ പ്രാകുന്നുണ്ടായിരുന്നു. അയാള്‍ ഉടമയായിരിക്കും. രണ്ടു മണിക്കൂര്‍ കൊണ്ട് തകരാല്‍ നേരയാക്കി . ഉള്ളു ആളികൊണ്ടിരുന്നു .ഈ നേരത്ത് ... ഒറ്റയ്ക്ക്... പോരണ്ടായിരുന്നു.. എന്നാല്‍. അര്‍ദ്ധരാത്രിയെന്നോണം മയക്കത്തിലായിരുന്നു ഗ്രാമം. ചീവീടിന്റെ ശബ്ദം മാത്രം. വളരെ മുന്‍പ് സജീവമായിരുന്നത്രേ ഈ കവല. ചന്തുമൂപ്പന്റെ പലചരക്ക് കടയും, ബീരാന്റെ ചായപ്പീടികയും , കണാരേട്ടന്റെ തയ്യല്‍ക്കടയും, ബാലന്റെ ബാര്‍ബര്‍ ഷാപ്പും. ചന്തുമൂപ്പരും, ബാലനും മരിച്ചതോടെ രണ്ടിന്റെയും നിരപ്പലകകള്‍ പിന്നെ പൊങ്ങിയില്ല. പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഫാഷന്‍ ലോകം സ്വപ്നം കണ്ടപ്പോള്‍ കണാരെട്ടനും നിരപ്പലകമേല്‍ മുഖമമര്‍ത്തി തേങ്ങി. ആളുകള്‍ കുറഞ്ഞപ്പോള്‍ ബീരാന്‍ വീട്ടിലിരിപ്പായി. ബീവാത്തുമ്മ ഇടിയപ്പവും , വെള്ളപ്പവും ഓര്‍ഡര്‍ പിടിച്ച് വീട്ടില്‍ നിന്ന് കൊടുത്തും തുടങ്ങി.

റോഡില്‍ നിന്ന് ഇടവഴിയിലെയ്ക്കിറങ്ങി . ബാഗിന് കനം കൂടും പോലെ. വായിക്കാന്‍ കൊണ്ട് പോയ നോവല്‍ 'ആടുജീവിതം' അകത്തുള്ളത് കൊണ്ടാണോ? അതി തീവ്രമായ ഒരു നോവല്‍ . ഒരു മനുഷ്യന് ഇത്രയ്ക്കൊക്കെ സഹിക്കാന്‍ കഴിയുമോ? ആയെയ്ക്കും. ചിരപരിചിതമായ വഴിയില്‍ കണ്ണടച്ച് വേണേലും നടക്കാം. ഉള്ളിലെ ഭയത്തെ അടക്കാന്‍ നോവലിലെ രംഗങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ നടന്നു. അറ്റം കാണാത്ത മരുഭൂമിയിലെ പ്രയാണം പോലെ തോന്നി ഇരുട്ടിലൂടെയുള്ള ഈ നടത്തം.

ഇടവഴി കഴിഞ്ഞാല്‍ കോവിലകം പറമ്പായി. എന്നോ അന്യം നിന്ന് പോയ ഒരു കോവിലകം. കോവിലകത്തിന്റെ അടിത്തറ പോലും ബാക്കിയില്ല. ഇടിഞ്ഞുപൊളിഞ്ഞ ഭഗവതിപ്പുര ബാക്കിയുണ്ട്. തന്റെ വീടിനു നേരെ ദര്‍ശനം നല്‍കുന്ന ആ പൊളിഞ്ഞ കോവിലിന്റെ നടയില്‍ പലപ്പോഴും തിരി കൊളുത്തുന്നത് ഞാനാണല്ലോ ! തനിക്കു കൂട്ടിനായ് അമ്മ ഉണ്ടാവും. ആ ഒരു ധൈര്യത്തില്‍ വേഗം നടന്നു. പെട്ടെന്ന് ഒരു കല്ലില്‍ തട്ടി ഒരു വീഴ്ചയായിരുന്നു. ബാഗ് കയ്യില്‍ നിന്ന് തെറിച്ചു പോയി. താന്‍ എങ്ങോട്ട് തിരിഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നത് . വീട്ടിലെ റാന്തല്‍ വിളക്കിന്റെ നാളം നോക്കിയായിരുന്നു നടന്നിരുന്നത്. ഇപ്പോള്‍ അത് കാണാനില്ല. എങ്ങും ഇരുട്ട് മാത്രം. ഒരു ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ ? അമ്മേ... ആരാവും..?
ഇരുളിന്റെ പൊന്ത വകഞ്ഞു മാറ്റി വെളിച്ചത്തിന്റെ വൃത്തത്തില്‍ ആരാണ് നില്‍ക്കുന്നത്. തെയ്യത്തിന്റെ വേഷം പോലെ. ഉലയുന്ന കുരുത്തോല കിരീടം. കയ്യില്‍ വാള്‍. ആ രൂപം തന്റെ നേരെയാണല്ലോ!!
- എന്തെയിത്ര വൈകി-
ഒരു ആണ്‍ ശബ്ദം.
വേഷം കെട്ടുന്ന നാണുവിനെ ഓര്‍മ്മ വന്നു.
- ഞാന്‍ ....-
ശബ്ദം വരുന്നില്ല.
-ചോര കണ്ടിട്ടാണ് വരുന്നത് ല്ലേ?-
കോളേജിലെ രക്ത സാക്ഷി രാജന്റെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
- എനിക്ക്....-
വാക്കുകള്‍ക്ക് കടിഞ്ഞാന്‍ വീണു കഴിഞ്ഞിരുന്നു.
-ഞാനവന്റെ അമ്മയാ. ജാനകി . ന്റെ ഒറ്റ മോനാ ഓന്‍, എത്ര പ്രാര്‍ഥിച്ചിട്ടാണോ ഓന്‍ ഇണ്ടായത്. ഞാക്ക് ഇനി ആരൂല്ല.... -
തെയ്യം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
പൊടുന്നനെ അതൊരു അട്ടഹാസമായി.
- ഞാന്‍ ഭഗവതിയാണ്. അമ്മദൈവം. അമ്മദൈവം.. ഹ ഹ ഹ ഹ -
വാളിന്റെ മുത്തുകള്‍ ചിലമ്പിക്കൊണ്ടിരുന്നു.
അട്ടഹാസം പൊടുന്നനെ നിലയ്ക്കുകയായിരുന്നു.
ദൂരെ അപ്പോള്‍ റാന്തല്‍ വിളക്കിന്റെ നാളം തെളിഞ്ഞു കാണാമായിരുന്നു. കാലില്‍ തടഞ്ഞ ബാഗും തൂക്കി വേഗത്തില്‍ വെളിച്ചം ലക്ഷ്യമാക്കി നടന്നു.