Tuesday, July 13, 2010

ശിരോ വസ്ത്ര നിരോധനം


പുതിയ ഒരു വാര്‍ത്തയുമായി ടെലിവിഷന്‍ വാ തുറന്നിരിക്കുന്നു. ഫ്രഞ്ച് പാര്‍ലിമെന്റ് മുസ്ലീങ്ങളുടെ ഇടയില്‍ ശിരോ വസ്ത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ആ രാജ്യത്തു ഇനി മുതല്‍ പൊതു നിരത്തുകളിലും , വേദികളിലും , എവിടെയും ബുര്‍ഖ ധരിച്ചു സ്ത്രീകളെ കണ്ടാല്‍ പിഴയും, തടവും ആണ് വിധിച്ചിരിക്കുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാര്‍ലിമെന്റ് പാസ്സാക്കിയ ബില്‍ അവിടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വഴിമരുന്നിട്ടു എന്ന് തീര്‍ത്തും ഉറപ്പിക്കാവുന്നതാണ്. ഒരു മതത്തിന്റെ മാത്രം സ്വകാര്യ കാര്യം എന്ന് കരുതി തള്ളേണ്ട സ്ഥിതിയെ ഈ വസ്ത്ര ധാരണ കാര്യത്തില്‍ ഉള്ളൂ. പക്ഷെ ഭരണകൂടങ്ങള്‍ പോലും മതങ്ങളിലെ സ്വകാര്യ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് എത്രത്തോളം ശരിയാണ്? തീകൊള്ളി കൊണ്ട് തല ചൊറിയേണ്ട കാര്യം ഉണ്ടോ? കേരളത്തില്‍ ഒരു സ്കൂളിലെ പ്രശ്നം തന്നെ നമുക്കറിയാലോ! ഒരു കൊച്ചു കുട്ടിയെ ശിരോ വസ്ത്രം അണിയുന്നതില്‍ നിന്നും വിലക്കിയ പ്രശ്നത്തില്‍ ഇവിടുത്തെ മത പണ്ഡിതന്മാരും, മതാന്ധരും വരെ ഒച്ചയെടുത്തു കഴിഞ്ഞു. ഇവിടെ കേരളത്തില്‍ ഇത്രയൊക്കെയേ സംഭവിക്കുള്ളൂ. ഇവിടെ ആയുധം വരെ എടുക്കും . താലിബാനിസം സൃഷ്ടിക്കും. ഫ്രഞ്ച് പ്രശ്നം എടുത്തിട്ടു പ്രകോപിപ്പിക്കാന്‍ അല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇങ്ങനെയൊക്കെയാണ് പുറം രാജ്യങ്ങളില്‍ സംഭവിക്കുന്നത്‌. അറിയുക. അതുകൊണ്ട് ഇവിടെ ഒത്തൊരുമയോടെ കഴിയുക . ഇത്രമാത്രം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.....

Friday, June 4, 2010

സുന്ദരിയുടെ നിര്‍ത്താത്ത ചിരി


മഴ ശക്ത്തിയായി പെയ്യുന്നുണ്ട്. മുറ്റത്ത് തളം കെട്ടിയ കലക്ക വെള്ളത്തില്‍ നോക്കിയിരുന്നു. ആകാശം കനിഞ്ഞു നല്‍കിയ തേന്‍ കണങ്ങളില്‍ പുളകിതയായ ഭൂമി. കാലങ്ങളോളം കാത്തിരിക്കാം . തീര്‍ത്ഥ കണങ്ങള്‍ മനസ്സില്‍ ഏറ്റുവാങ്ങാന്‍ . ഈ ഒരു നിര്‍വൃതി ക്ക് വേണ്ടി , പക്ഷെ മനുഷ്യന്‍ മാത്രം എന്തേ പിശുക്കനാവുന്നു? പകര്‍ന്നു നല്‍കണം. സ്നേഹമെങ്കിലും പകുക്കേണ്ടേ? എന്നും ഒരേ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മഴയ്ക്ക് വീണ്ടും ശക്തി കൂടുന്നു. ദൂരെ മേഘങ്ങള്‍ മൂടിയ മലയുടെ ഒരു തുമ്പു കാണാം. ചോദ്യ ചിഹ്നം പോലെ...
-- സുന്ദരീ--
ഓ. ഇപ്പോള്‍ വല്ല്യ സന്തോഷത്തിലായിരിക്കും. പുതുമഴയല്ലേ. എഴുത്തിനു ശക്തി കൂടുമത്രേ . ഉണ്ടാവും. അറിയില്ല. ഇതിപ്പോള്‍ എത്രാമത്തെ പെഗ്ഗായിട്ടുണ്ടാവും. രണ്ടോ മൂന്നോ? രണ്ടു കഴിഞ്ഞാല്‍ പിന്നെ മുറിയില്‍ നില്‍ക്കില്ല. അടുക്കളയിലേക്കോ മുറ്റത്തെക്കോ മാറും. അകത്തുനിന്നും അപ്പോള്‍ ചിരി കേള്‍ക്കാം. ചിലപ്പോള്‍ മൊബൈലില്‍ സംസാരം. തന്നോട് മാത്രം ഒന്നും പറയാനില്ലത്രേ . ഒരിക്കല്‍ ചോദിച്ചതാണ്.
--നീയല്ലേ എന്റെ സര്‍വ്വവും . ഞാനെന്നാല്‍ നീയല്ലേ --
-- ന്നാലും ഇടക്കെങ്കിലും , ന്നോടെന്തെങ്കിലും --
--നിന്നോട് എന്താ പറയ്യാ. കവിതയെ പ്പറ്റിയോ?--
അതും പറഞ്ഞു പൊട്ടിച്ചിരിച്ചു.
ഒരു ദിവസം താനിവിടെ ഇല്ല്ലാണ്ടായാല്‍ എന്ത് ചെയ്യും. ഓര്‍ക്കാറുണ്ട്. അല്ലെങ്കില്‍ താന്‍ പെട്ടെന്നങ്ങ് മരിച്ചു പോയാലോ. ആര്‍ക്കു നഷ്ടം. ഓര്‍ത്ത്‌ കരയാന്‍ ആരെങ്കിലും. ഒരു വ്യര്‍ത്ഥ ജന്മം.
-- സുന്ദരീ--
വിളിക്ക് ശക്തി കൂടി..
മുന്‍വാതില്‍ ചാരി മുറിയിലേക്ക് ചെന്ന്. കസേരയില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കയാണ്‌. കയ്യില്‍ എരിയുന്ന സിഗരട്ട്. ചാരം തട്ടാതെ നീണ്ടു നില്‍ക്കുന്നു. തന്നെ കണ്ടപ്പോള്‍ വെറുതെ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ചതഞ്ഞരഞ്ഞ ചിരി ചുണ്ടിന്റെ കോണില്‍ വികൃതമായി കിടന്നു. ഇറുകിയിരിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ .. വയ്യ...
--നീയെന്താ തുറിച്ചു നോക്കുന്നത്.. ഒരു മാതിരി..--
ദ്വേഷ്യത്തിന് വഴി മാറുന്ന മുഖം തനിക്കു അപരിചിതമല്ലല്ലോ. ആരുമല്ലാതാവുന്ന നിമിഷങ്ങള്‍ . ഭ്രാന്തു പിടിക്കും.ഓരോ പെഗ്ഗ് കഴിയുമ്പോഴും അകന്നകന്നു പോകുന്ന ഒരു മുഖം. ഇരുട്ടിന്റെ കോട്ടയില്‍ അകപ്പെട്ട പോലെ .ചിറകരിഞ്ഞ ഒരു പക്ഷിയെ സ്വപ്നം കാണാറുണ്ട്‌ പലപ്പോഴും. അല്ലെങ്കില്‍ ചിറകു മുളക്കാത്തതോ? അവ്യക്തത നിറഞ്ഞ സ്വപ്നങ്ങളും, ജീവിതവും.
കുറേനേരം മുറിയില്‍ തങ്ങി തിരികെ അടുക്കളയില്‍ തിരിച്ചെത്തി. തന്റെ ലോകം. കരിയടുപ്പിന്റെ സ്ഥാനത്ത് ഗ്യാസ് കണക്ഷന്‍ കിട്ടിയിട്ട് അധികമായിട്ടില്ല. ചുവരില്‍ പടര്‍ന്നു കയറിയ കരിപ്പാടുകള്‍ നോക്കിയിരുന്നു. കറുപ്പിന്റെ അഗാധതയില്‍ നിന്നും ഒരു നിലവിളി ഉയരുന്നുണ്ടോ?വെളിച്ചത്തെ സ്വീകരിക്കാത്ത നിറം . പക്ഷെ ചൂടിനെ ആവാഹിക്കുകയും ചെയ്യും. കൈ രണ്ടും ചുവരില്‍ തേച്ചപ്പോള്‍ കൈപ്പത്തിയും അതെ നിറം. മുഖത്തു വാരി തേച്ചു. താനപ്പോള്‍ പൊട്ടിച്ചിരിച്ചതെന്തേ ?
അഴിഞ്ഞ മുണ്ടുമായ് തന്റെ പുറകില്‍ വന്നു ചോദിച്ചപ്പോള്‍ താന്‍ ഞെട്ടിയില്ല . ഒന്ന് കൂടി ചിരിച്ചുവോ?
-- നിനക്കെന്ത ഭ്രാന്തുണ്ടോ ?--
-- എനിക്കോ. ഭ്രാന്ത് എനിക്കല്ല. നിങ്ങള്‍ക്കാ..--
പക്ഷെ ആ മുഖത്തു നിറഞ്ഞു കവിയുന്ന ഒരു തരം ഭയം കണ്ടു അവള്‍ക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഭയം കൊണ്ടയാള്‍ വിറക്കുന്നുണ്ടായിരുന്നു .ചിരിയുടെ ഉന്മാദാവസ്ഥയില്‍ താന്‍ ‍. ഞാന്‍ എങ്ങിനെയാണ് ചിരിക്കാതിരിക്കുക. ചിരി നിര്‍ത്താനാവാതെ കുഴയുകയാണ്. ആ മുഖം കാണുമ്പോള്‍ വീണ്ടും... വീണ്ടും....

Monday, April 5, 2010

പാമ്പാട്ടിയുടെ പൊണ്ടാട്ടി

സ്വപ്നങ്ങളുടെ തുടര്‍ച്ചയാണോ തന്റെ ജീവിതം? പകല്‍ സ്വപ്നങ്ങളുടെ യാഥാര്‍ത്യമോ ? ചിലപ്പോള്‍ ആയിരിക്കും. സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഉച്ചനേരത്തു കിടക്കയില്‍ മലര്‍ന്നു കിടന്ന് അവ്യക്തമായ ചില സ്വപ്‌നങ്ങള്‍ കാണാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തില്‍ അവ്യക്തമായ ഒരു രൂപത്തെയും കണ്ടിരുന്നില്ലേ ? ആ അദൃശ്യ വ്യക്തി ആരായിരുന്നു. മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണോ? പാമ്പാട്ടിയുടെ കയ്യില്‍ അമര്‍ത്തി ഞെക്കിയോ എന്ന് സംശയം. തൊട്ടടുത്തിരുന്ന അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഇനി എത്ര ദൂരം കാണും?
ഏതോ ഊഷരഭൂമിയില്‍ നിന്നുള്ള പലായനം പോലെ തോന്നുന്നു. അത് മഞ്ഞിന്‍ കൂടാരത്തിലാവുമോ എത്തിപ്പെടല്‍. ആവില്ല. എന്നാലും മനസ്സിന്റെ ആ തെയ്യാറെടുപ്പ്
ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇനി മാറ്റുരക്കേണ്ട ആവശ്യമില്ല. ഏതാനും നിമിഷങ്ങള്‍ കൊണ്ടെടുത്ത ഒരു തീരുമാനം. ആ തീരുമാനം തന്റെ കാഴ്ചപ്പാടില്‍ ശരി തന്നെയായിരുന്നു. നേരം പുലര്‍ന്നാല്‍ നാട്ടുകാര്‍ക്ക് ഒരു പുതിയ വിശേഷം കൂടി. കുറച്ചു നാളുകള്‍ അവര്‍ക്ക് അത് മതിയാകും. എന്തൊക്കെ വ്യാഖ്യാനങ്ങളായിരിക്കും.മനസ്സ് അസ്വസ്ഥമാവാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.

അച്ഛന്‍ ? ഒറ്റയ്ക്ക് വീട്ടില്‍ ?
സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഒരു സുപ്രധാന തീരുമാനമെടുക്കുന്ന സമയത്ത് അച്ഛനെ മനപൂര്‍വ്വം മറന്നതാണോ?
ക്ഷമിക്കൂ അച്ഛാ ...
അച്ഛന്റെ മകള്‍ ജീവിതത്തിന്റെ അറിയപ്പെടാത്ത പുതിയ മേഖലയിലേക്കുള്ള യാത്രയിലാണ് . അനുഗ്രഹിക്കൂ...

കണ്ണ് നിറയുന്നോ ..
കണ്ണീരിലൂടെ ഏതൊക്കെയോ നിഴല്‍രൂപങ്ങള്‍ ചലിക്കുന്നുവോ?
-ഈ ആനേനെപോലെ കറുത്തതിനെയാണോ നീയെനിക്ക് കണ്ടത്... നിന്നെ....-
അയാള്‍ തല്ലാനെന്നോണം രാമന്നായരുടെ നേര്‍ക്കടുത്തപ്പോള്‍ മറ്റാള്‍ക്കാര്‍ കൂടി പിടിച്ചു മാറ്റി. കൂട്ടത്തില്‍ വന്ന കാരണവര്‍ രണ്ടാം മുണ്ടെടുത്ത് കുടഞ്ഞിട്ടു പറഞ്ഞു.
- കാര്‍ന്നോരെ, നിങ്ങളെ പങ്കപ്പാട് ഞങ്ങള്‍ക്ക് മനസ്സിലായി. പക്ഷെ അത് താങ്ങാന്‍ എന്റെ മരുമോന്‍ തന്നെ വേണംന്നുല്ലല്ലോ... ഇന്നാട്ടിലും പൊറത്തും ചെറുക്കന്മാര് ഇനീണ്ടല്ലോ .. സമയം വൈകിക്കുന്നില്ല. ഞങ്ങളിറങ്ങുന്നു. -
അച്ഛനപ്പോള്‍ കാല്‍ മുട്ടിന്മേല്‍ തല ചായ്ച്ചു ഇരിക്കുകയായിരുന്നു. ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ . പക്ഷെ എല്ലാം കേള്‍ക്കുന്നുണ്ടാവും. വാതിലിന്റെ മറവില്‍ നിന്ന് പൂമുഖത്തേക്ക്‌ ഓടിച്ചെന്നു അച്ഛനെ ആശ്വസിപ്പിക്കണമെന്ന് തോന്നി.. എന്നെ ചുറ്റിപ്പറ്റിയുള്ള ഈ സംഭവങ്ങളൊന്നും എന്റെ മനസ്സിനെ തീരെ വേദനിപ്പിചിരുന്നില്ല. ഈ വന്ന ചെറുക്കന്‍ എത്രാമാത്തെതാണ് . കണക്കു കൂട്ടിനോക്കി. പത്തോ പന്ത്രണ്ടോ ആയിക്കാണും. തന്നെ കാണാന്‍ വരുന്നവര്‍ ചായകുടിയും കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ "വിവരമറിയിക്കാം" എന്നാ ഒറ്റവാക്ക് എറിഞ്ഞു തന്നാണ് പോവാറ്. അച്ഛന്‍ അതില്‍ പിടിച്ചു കാത്തിരിക്കും. രണ്ടു ദിവസം കഴിഞ്ഞാല്‍ തല താഴ്ത്തി പിടിച്ചു ദല്ലാള്‍ രാമന്‍നായര്‍ കയറിവരും. കുറച്ചു നേരം അച്ഛനോട് മറ്റു വിശേഷങ്ങള്‍ എന്തെങ്കിലും പറഞ്ഞിരിക്കും . അച്ഛന്‍ ഒടുവില്‍ പൊറുതിമുട്ടി ചോദിക്കും.
-രാമന്നായരെ , അവരെന്തു പറഞ്ഞു?-
രാമന്‍നായര്‍ തെല്ലുനേരം മൌനിയായിരിക്കും. പിന്നെ എഴുന്നേറ്റു രണ്ടു ചാല്‍ നടക്കും. അച്ഛനും അപ്പോള്‍ എഴുന്നേറ്റു രാമന്നായരുടെ പിന്നാലെ നടക്കും. അപ്പോള്‍ കേള്‍ക്കാം.
-കേട്ടോ കൃഷ്ണന്‍നായരെ . നമുക്കത് ശരിയാവില്ല. നമുക്ക് വേറെ നോക്കാം. അവര്‍ക്ക്...-
-പിടിച്ചില്ല അല്ലേ... ദൈവേ ന്റെ മോള്...-

കറുപ്പ്. കറുത്ത ദേഹം. തനിക്കു ശാപം കിട്ടിയ ഈ കറുപ്പ് നിറം. വരുന്നവര്‍ക്കൊക്കെ ഇഷ്പ്പെടാത്തതിനും, നാട്ടിലെ ചെറുപ്പക്കാര്‍ക്കൊക്കെ പരിഹാസ പാത്രമാവുന്നതിനും, തൊലിക്ക് മേലുള്ള ഈ കറുപ്പാണ് മുഖ്യ കാരണം എന്നറിഞ്ഞപ്പോള്‍ ഒട്ടും ദുഃഖം തോന്നിയില്ല. അടുക്കളയില്‍ ചെന്ന് ഒരു കഷ്ണം കരിക്കട്ടയെടുത്തു കയ്യിന്മേല്‍ ശക്തിയില്‍ വരച്ചു. ആ കറുത്ത രേഖ പോലും ശരിക്കും തെളിഞ്ഞു കണ്ടില്ല.
മേലാകെ ചോര പൊടിഞ്ഞു. നീറ്റല്‍ സഹിക്കാന്‍ കഴിയുന്നില്ല. ശരീരത്തില്‍ നഖം കൊണ്ട് വരുത്തിയ നീളന്‍ മുറിവുകള്‍ . താനെന്താണ്‌ കാട്ടികൂട്ടിയത്. എന്നോടും മറ്റാരോടൊക്കെയോ ഉള്ള ദ്വേഷ്യത്തിനു സ്വന്തം ശരീരം തന്നെ മാന്തി കീറിയിരിക്കുന്നു.
ശരീരത്തില്‍ ഇപ്പോഴും പാടുകളുണ്ടോ...

എന്നാല്‍ താനിപ്പോള്‍ പാമ്പാട്ടിയുടെ പൊണ്ടാട്ടിയാണ്. തന്നെ സംരക്ഷിക്കാനൊരു പുരുഷന്‍ ... സംരക്ഷിക്കുമോ?
സേലത്ത് ചെന്നാല്‍ തനിക്കു അവരുടെ ഭാഷ വശമുണ്ടോ ? പതുക്കെ അതും പഠിക്കാം. വീട്ടില്‍ ആരൊക്കെയുണ്ട് എന്നൊന്നും ചോദിച്ചില്ല.
ഏതോരു നിമിഷത്തില്‍ എന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
അത് തീര്‍ത്തും തെറ്റല്ലേ ?
ഇതിലൂടെ എനിക്ക് എന്നെ കണ്ടെത്താനല്ലേ കഴിഞ്ഞിരിക്കുന്നത്?
ഒരുറച്ച തീരുമാനത്തിന് ഏതാനും നിമിഷങ്ങളുടെ ദൈര്‍ഘ്യത മാത്രം .
ആ നിമിഷങ്ങളില്‍ മനസ്സിലെ പിരിമുറുക്കം...

അമ്മാ... അമ്മാ....
ആരോ പുറത്തു നിന്ന് വിളിച്ചു കൂവുന്നു. ആരാണാവോ ഈ സന്ധ്യക്ക്‌. ഏതോ ഭിക്ഷക്കാരനാവും. ഒരൊറ്റ നാണയം പോലുമില്ല കയ്യില്‍..
പുറത്തു കറുത്തു തടിച്ച ഒരു ചെറുപ്പക്കാരന്‍ . കയ്യില്‍ ഒരു കൂട. തോളില്‍ ഭാണ്ഡം .
-എന്താ. എന്തുവേണം-
-പാമ്പാട്ടിയാണേയ് -
ഈണം കലര്‍ന്ന പരുക്കന്‍ സ്വരം.
അതുംപറഞ്ഞു അയാള്‍ നിലത്തിരുന്നു . മുന്‍പില്‍ കൂടവെച്ചു. ഭാണ്ഡം തുറന്നു കുഴലെടുത്ത് ഊതാന്‍ തുടങ്ങി . അയാള്‍ കൂടയുടെ മൂടി തുറന്നു. ചുരുണ്ട് കിടക്കുന്ന പാമ്പ് . മെല്ലെ മെല്ലെ അത് തലപൊക്കാന്‍ തുടങ്ങി. പത്തി വിടര്‍ത്തി പാമ്പ് നിലത്തിഴയാന്‍ തുടങ്ങി.
ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. എന്റെ മനസ്സിലും പെട്ടെന്നെന്തോ ഇഴയുന്നത്‌ പോലെ. അയാളുടെ കുഴലില്‍ നിന്നും പുറത്തു വരുന്ന സംഗീതം കേട്ട് എന്റെ മനസ്സായിരുന്നു അപ്പോള്‍ പത്തി വടര്‍ത്തി ആടാന്‍ തുടങ്ങിയത്. ഏതോ തെയ്യാറെടുപ്പിന്റെ തുടക്കമെന്നോണം ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
-നിര്‍ത്തൂ-
ശബ്ദം ഉച്ചത്തില്‍ ആയിപ്പോയെന്ന് തോന്നുന്നു. അയാള്‍ അന്ധാളിപ്പോടെ എന്നെ നോക്കി. പാമ്പിനെ പിടിച്ചു കൂടയിലിട്ടു അടച്ചു എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ അടുത്തേക്ക്‌ നടന്നു ചെന്നു .
-ഞാനും വരുന്നു നിങ്ങളെ കൂടെ -
ശബ്ദം വിറച്ചിരുന്നെകിലും പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു എന്ന് ശബ്ദം കേട്ടപ്പോള്‍ മനസ്സിലായി. അയാള്‍ എന്തോ കണ്ടു ഞെട്ടിയെന്നോണം ചുറ്റിനും നോക്കി . വീടിന്റെ ഉള്ളിലേക്ക് പാളി നോക്കിയപ്പോള്‍...
- ഇവിടെ ആരൂല്ല . അച്ഛന്‍ പുറത്തു പോയിരിക്യാ. നിങ്ങളെ നാടെവ്ട്യാ -
-ചേലം-
അയാള്‍ തന്റെ കണ്ണിലേക്കു തുറിച്ചു നോക്കികൊണ്ട്‌ പതുക്കെ പിറുപിറുത്തു.
- നിങ്ങള്‍ കല്ല്യാണം കഴിച്ചതാ ?-
-ഇല്ലൈ-
-പിന്നെ.... രാത്രി വൈകുമ്പോള്‍ പുളിമരത്തിന്റെ ചോട്ടില് വന്നു നിന്നോളൂ. ഞാനിറങ്ങി വരും. വരില്ലേ പാമ്പാട്ടി.. ?
മനസ്സ് നിശ്ചയ പൂര്‍ത്തീകരണത്തിന്റെ പടികളിലായിരുന്നത് കൊണ്ട് വാക്കുകള്‍ക്കു ഉറപ്പും വേഗതയുംഉണ്ടായിരുന്നു.
-- ഉം - അയാള്‍ കനത്തില്‍ ഒന്ന് മൂളി..
ഒരു പുരുഷന്റെ സമ്മതം മൂളല്‍ ആദ്യമായ് കേട്ടു .സേലത്തെ ഒരു പാമ്പാട്ടിയുടെ പോണ്ടാട്ടിയായിതീരാന്‍ പോവുന്നു ഞാന്‍ .

റെയില്‍വേ സ്റ്റേഷന്‍ എത്താറായി. പാമ്പാട്ടിയുടെ നിഴലും നോക്കി പിന്നാലെ നടന്നു. പതിനൊന്നുമണിക്ക് പുളിമരത്തിന്റെ ചോട്ടില്‍ ചെന്നപ്പോള്‍ ആളെ അവിടെയൊന്നും കണ്ടില്ല..
പെട്ടെന്ന് തോളില്‍ കയ്യമര്‍ന്നു...
ഞെട്ടി ത്തിരിഞ്ഞപ്പോള്‍ അയാള്‍..
അയാളെ ചാരായം മണക്കുന്നുണ്ടായിരുന്നു.
പെട്ടെന്നായിരുന്നു അയാള്‍ നിലത്തേക്കു കൈ ചൂണ്ടി ആജ്ഞാപിച്ചത് .
-ഉം ..-
അയാള്‍ ആജ്ഞാപിച്ചതിന്റെ അര്‍ഥം ഊഹിച്ചെടുക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. കഴുത്തില്‍ ഒരുമിന്നെങ്കിലും വീഴാതെ...
ഉം ഉം ഉം
നിഷേധ ഭാവത്തില്‍ തലയാട്ടി..
-നീ താന്‍ എന്‍ പൊണ്ടാട്ടി ? -
അയാളുടെ മുഖം കനത്തു നിന്നിരുന്നു.
അതെ...
താന്‍ പാമ്പാട്ടിയുടെ പോണ്ടാട്ടിയാണ്..
ചരല്‍ക്കല്ലുകളില്‍ കൈ അമര്‍ന്നതിനാല്‍ വല്ലാത്ത വേദന .ശക്തിയായി കൈ കുടഞ്ഞു.

ശരീരം ഒന്ന് മുന്നോട്ടു ആഞ്ഞു.
ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നിരിക്കുന്നു.
സീറ്റില്‍ ചാരി മയങ്ങുകയാണ് എന്റെ പാമ്പാട്ടി . പാമ്പാട്ടിയുടെ ശരീരത്തിന് ഒരു പ്രത്യേകഗന്ധമായിരുന്നു. പാമ്പിന്റെ മണമായിരിക്കും.
വണ്ടിയുടെ കുലുക്കത്തില്‍ ഞെട്ടിയുണര്‍ന്നു ചുറ്റിനും നോക്കി. സീറ്റ് ശൂന്യം. താഴെ നിലത്തു ഭാണ്ഡംഇല്ല. കൂടയില്ല. യാത്രക്കാരെല്ലാം എഴുന്നേറ്റു നില്‍ക്കുകയാണ്. ചിലര്‍ പെട്ടിയും സാമാനങ്ങളുംഒരുക്കുന്നു.കുട്ടികളെ എടുത്തു നില്‍ക്കുന്ന അമ്മമാര്‍ , അടുത്തു കൊണ്ടിരിക്കുന്ന സ്റ്റേഷന്‍ പരിസരംചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു.
എന്റെ പാമ്പാട്ടി എവിടെ ?
എവിടെ?
തീവണ്ടി മെല്ലെ നിന്നു. യാത്രക്കാരുടെയിടയില്‍ മുഴുവന്‍ പരതി.
പാമ്പാട്ടീ....
ഉച്ചത്തില്‍ വിളിച്ചു നോക്കി.
തീവണ്ടിയിലുള്ളവര്‍ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
എന്തായിരുന്നു പേര്?
പേര് പോലും ചോദിച്ചിട്ടില്ല ...
-നിങ്ങള്‍ടെ ഭര്‍ത്താവാണോ പാമ്പാട്ടി..?-
അടുത്തു നിന്നയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ജിജ്ഞ്ഞാസയോടെ പറഞ്ഞു .
-അതെ -
-അയാള്‍ നാലഞ്ചു സ്റ്റേഷന്‍ മുന്‍പേ കെട്ടും ഭാണ്ഡവുമായി ഇറങ്ങിയല്ലോ -
നിങ്ങളെങ്ങോട്ടാ..?-
പാമ്പാട്ടി..??.
തല കറങ്ങാന്‍ തുടങ്ങിയപ്പോള്‍ കമ്പിയില്‍ പിടിച്ചു. ആയാസപ്പെട്ട്‌ കണ്ണ് തുറന്നു ചുറ്റിനും നോക്കി.
ചുറ്റിനും പാമ്പാട്ടിമാര്‍ നിരന്നിരിക്കുന്നു. എല്ലാവരും ഉച്ചത്തില്‍ കുഴലൂത്ത് നടത്തുന്നുണ്ടായിരുന്നു. അവരുടെ മുന്‍പില്‍ പത്തി വിടര്‍ത്തി ആടുന്ന പാമ്പുകള്‍ ..
എല്ലാവരുടെയും മുഖം ശ്രദ്ധിച്ചു നോക്കി. എല്ലാര്‍ക്കും അയാളുടെ ച്ഛായയായിരുന്നു.
പാമ്പാട്ടിയുടെ ... എന്റെ പാമ്പാട്ടിയുടെ....

Saturday, April 3, 2010

എട്ട് വയസ്സുള്ള കുട്ടി


അവള്‍ അലസതയോടെ മുടി ചീപ്പ് കൊണ്ട് മാടികൊണ്ടിരുന്നു. ഒറ്റ കൈകൊണ്ടു പിടിച്ചാല്‍ പിടികൊള്ളാത്തതായിരുന്നു.ഇപ്പോള്‍ കൈപിടിക്കുള്ളില്‍ ഒരു പിടി ചകിരി നാരുപോലെ കിടക്കുന്നു. താഴെസിമിന്റിട്ട തറയില്‍ മുടിച്ചുരുളുകള്‍ . വെറുതെ ഒരു മുടിച്ചുരുളെടുത്തു ചുരുള്‍ നിവര്‍ത്തി വിട്ടു.
തഥൈവ .
വീണ്ടും പൂര്‍വസ്ഥിതി തന്നെ.
ഭ്രാന്ത് . അല്ലാതെന്താ..
അവള്‍ ഒന്ന് കുലുങ്ങി ചിരിച്ചു.
അകത്തെ ഇടനാഴിയിലേക്ക്‌ തെറിച്ചു വീണു കിടക്കുന്ന വെളിച്ചം ഇരുട്ടുമായി ഉരുമ്മികളിച്ചുകൊണ്ടിരുന്നു.
ഓലപ്പഴുതുകളിലൂടെ ചാണകം മെഴുകിയ നിലത്തു വെയില്‍ വീണ വെളിച്ചത്തിന്റെ വൃത്തങ്ങള്‍ . ചെറുപ്പത്തില്‍ അച്ഛന്‍ സമ്മാനിച്ച കറുപ്പില്‍ പുള്ളിക്കുത്തുകളുള്ള പാവാടത്തുണിയെ ഓര്‍മ്മിപ്പിച്ചു.
ആഗ്രഹങ്ങളുടെ കുത്തൊഴുക്ക് നടന്നിരുന്ന തന്റെ കുട്ടിക്കാലം. അനുഭവങ്ങളിലൂടെ ജ്ഞാനിയായിതീരുക , പിന്നീട് അനുഭവങ്ങളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ വഴുക്കി വീണു കിടക്കാന്‍ആഗ്രഹിക്കുക.
എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ ..
ഉണ്ടാവാം...
അല്ലെങ്കില്‍ താനിപ്പോഴേക്കും പഴയത്തില്‍ നിന്നെല്ലാം മുക്തയാവേണ്ടേ ?
താന്‍ വിവാഹിതയാണ്..?
ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്ന് ആലോചിച്ചു പോവാറുണ്ട്.
ഇവയെപ്പറ്റി ഓര്‍ക്കാന്‍ ഒന്നുമില്ലന്നോ? ഭയപ്പെടുത്തുന്നതെങ്കിലും ...
ഓര്‍മ്മകളുടെ മഞ്ഞുമറയ്ക്കപ്പുറത്ത് ചില നിഴല്‍ ചിത്രങ്ങള്‍ ..
ഇളകുന്ന കോണിപ്പടികളുടെ കരച്ചില്‍ .
ഈറന്‍ മുണ്ടുകളുടെ മണം നിറഞ്ഞ മുകളിലെ മച്ച്.
പകലിന്റെ പുഴുക്കം വിട്ടു മാറാതെ നില്‍ക്കുന്ന തെക്കേ മച്ച് .
അഴുക്കോലില്‍ തൂക്കിയ തുണികള്‍ക്കിടയിലൂടെ ഇടുങ്ങിയ അഴികളുള്ള ജന്നലിനു പുറത്തു നിന്ന് സൂര്യന്‍ഇളിച്ചുകാട്ടികൊണ്ടിരുന്നു.
നേരിയ ഭയം തോന്നി.
-ദേവേട്ടാ .. ഇയ്ക്ക് പേട്യാവ്ണ്-
എട്ട് വയസ്സുകാരിയുടെ വിതുമ്പുന്ന സ്വരം.
സിഗരറ്റിന്റെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു കയറി. മുഖം തിരിച്ചു കളഞ്ഞു.
തുടകള്‍ക്കിടയില്‍ എന്തോ അരിച്ചു കയറുന്നതുപോലെ...
-ഹൂ ...-
ഞെട്ടിയെഴുന്നേറ്റു സാരി തട്ടികുടഞ്ഞു . ഒരു കറുത്ത തേരട്ട തെറിച്ചു നിലത്തു വീണു. നിലത്തു അത്ചുരുണ്ട് കിടന്നു.
അവള്‍ വല്ലാത്ത വെറുപ്പോടെ അതിനെ നോക്കി നിന്നു.