Monday, January 24, 2011

ഡയറി ക്കുറിപ്പ്‌ -- 1മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ദര്‍ശിച്ച നിഴല്‍ നാടകങ്ങളിലെ കഥാപാത്രങ്ങളില്‍ പരിചിത മുഖങ്ങളോ? ഇവിടെ ഇപ്പോള്‍ ,
അവരുടെ
മുഖങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു. യഥാര്‍ത്ഥ മുഖങ്ങളെന്നു ധരിച്ചവമുഖാവരണങ്ങളായിരുന്നു. അവ കൊഴിഞ്ഞു വീഴുമ്പോള്‍, പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ മുഖം എനിക്ക്കാണേണ്ടതില്ല. പഴയ മുഖങ്ങളുടെ പുഞ്ചിരി , കൊഴിഞ്ഞു വീണ പഴുത്തിലകളുടെ മഞ്ഞ നിറം പോലെവിളറിയെങ്കിലും ജീവിതത്തിന്റെ അവസാന നിമിഷം വരെ മുഖാവരണങ്ങളെങ്കിലുംമധുരസ്മൃതികളായി എന്നില്‍ അവശേഷിക്കണം . കാരണം അവയില്‍ ഞാന്‍ യാഥാര്‍ത്യത ദര്‍ശിച്ചിരുന്നുഅവ തെല്ലെങ്കിലും ആത്മ സംതൃപ്തി നല്‍കിയിരുന്നു. വിശ്വാസ്യതയുടെ ശ്രുംഗങ്ങളില്‍ നിന്ന്അവിശ്വാസ്യതയുടെ സമതലങ്ങളിലേക്ക് അടര്‍ന്നു വീണു നഷ്ടപ്പെട്ടെങ്കിലും ...!!!
മതി.. മതി... അത് മാത്രം മതി...
.

Sunday, January 2, 2011

പെണ്‍കുട്ടി വൈകി എത്തിയ രാത്രി

ഇരുളിലേയ്ക്കാണ് ബസ്സിറങ്ങിയത് . ഇറങ്ങുമ്പോള്‍ കണ്ടക്റ്റരുടെ ചുഴിഞ്ഞ നോട്ടം, കിളിയുടെ മൂളിപ്പാട്ട് . ഇരുട്ടുമായി പൊരുത്തപ്പെടാന്‍ കുറച്ചു നേരമെടുത്തു. കവലയില്‍ ആരുമില്ല. ഒന്‍പതരയായപ്പോഴേക്കും .... അല്ലെങ്കിലും ആകെ മൂന്നോ നാലോ കടകള്‍ , അതും തുറക്കാത്തത്. നാട്ടുമ്പുറത്തെ ഈ ഇരുണ്ട കവലയില്‍ താന്‍ തനിച്ച് . പേടി ,ചിറകുകള്‍ കുടയുന്നുണ്ട്. വരണ്ടായിരുന്നു. അത് നടക്കില്ലായിരുന്നു. അവസാനത്തെ കുട്ടിയും പോയിക്കഴിഞ്ഞിരുന്നു. വാര്‍ഡന്‍ ചോദിച്ചു.
- സുമ പോണില്ലേ ? വിളിച്ചില്ലായിരുന്നോ വീട്ടിലേക്കു?-
താന്‍ പോയില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടമാവും. തനിക്കു കാവലായി ഇവിടെ കഴിയേണ്ടി വരും.
- വിളിച്ചു. ഞാന്‍ ഇറങ്ങ്വായി മാഡം-
കള്ളം പറഞ്ഞു. എന്തിനു അവരെ വിഷമിപ്പിക്കുന്നു. ലീവിന് വീട്ടില്‍ വന്നിട്ടുള്ള ഭര്‍ത്താവിന്റെ അടുത്തെത്താന്‍ തിടുക്കപ്പെടുന്ന അവരെ...

കറുത്ത ബാഗും തോക്കി റോഡിലേയ്ക്കിറങ്ങി . സമരം അക്രമാസക്തമായി , ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, കോളേജും , ഹോസ്റ്റലും ഒരാഴ്ചത്തേക്ക് അടയ്ക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് പല തവണ വിളിക്കയും ചെയ്തു. റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. ഒരു ധൈര്യത്തില്‍ ഇറങ്ങുകയായിരുന്നു. അഞ്ചു മണിക്ക് ടൌണില്‍ നിന്നുള്ള ബസ്സ്‌ പോവും. ഏഴരയ്ക്ക് കവലയില്‍ ഇറങ്ങാം. അപ്പോള്‍ പണി കഴിഞ്ഞു തിരികെ പോവുന്ന ആരെയെങ്കിലും തുണ കിട്ടിയേക്കും. എല്ലാം തെറ്റിയിരിക്കുന്നു. വഴിക്ക് ബസ്സ്‌ പെട്ടെന്ന് നിന്ന്. ഡ്രൈവറും , കിളിയും ആവുന്നത് നോക്കി. തുരുതുരെ സിഗരറ്റുകള്‍ വലിച്ചു തള്ളി കണ്ടക്റ്റര്‍ പ്രാകുന്നുണ്ടായിരുന്നു. അയാള്‍ ഉടമയായിരിക്കും. രണ്ടു മണിക്കൂര്‍ കൊണ്ട് തകരാല്‍ നേരയാക്കി . ഉള്ളു ആളികൊണ്ടിരുന്നു .ഈ നേരത്ത് ... ഒറ്റയ്ക്ക്... പോരണ്ടായിരുന്നു.. എന്നാല്‍. അര്‍ദ്ധരാത്രിയെന്നോണം മയക്കത്തിലായിരുന്നു ഗ്രാമം. ചീവീടിന്റെ ശബ്ദം മാത്രം. വളരെ മുന്‍പ് സജീവമായിരുന്നത്രേ ഈ കവല. ചന്തുമൂപ്പന്റെ പലചരക്ക് കടയും, ബീരാന്റെ ചായപ്പീടികയും , കണാരേട്ടന്റെ തയ്യല്‍ക്കടയും, ബാലന്റെ ബാര്‍ബര്‍ ഷാപ്പും. ചന്തുമൂപ്പരും, ബാലനും മരിച്ചതോടെ രണ്ടിന്റെയും നിരപ്പലകകള്‍ പിന്നെ പൊങ്ങിയില്ല. പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഫാഷന്‍ ലോകം സ്വപ്നം കണ്ടപ്പോള്‍ കണാരെട്ടനും നിരപ്പലകമേല്‍ മുഖമമര്‍ത്തി തേങ്ങി. ആളുകള്‍ കുറഞ്ഞപ്പോള്‍ ബീരാന്‍ വീട്ടിലിരിപ്പായി. ബീവാത്തുമ്മ ഇടിയപ്പവും , വെള്ളപ്പവും ഓര്‍ഡര്‍ പിടിച്ച് വീട്ടില്‍ നിന്ന് കൊടുത്തും തുടങ്ങി.

റോഡില്‍ നിന്ന് ഇടവഴിയിലെയ്ക്കിറങ്ങി . ബാഗിന് കനം കൂടും പോലെ. വായിക്കാന്‍ കൊണ്ട് പോയ നോവല്‍ 'ആടുജീവിതം' അകത്തുള്ളത് കൊണ്ടാണോ? അതി തീവ്രമായ ഒരു നോവല്‍ . ഒരു മനുഷ്യന് ഇത്രയ്ക്കൊക്കെ സഹിക്കാന്‍ കഴിയുമോ? ആയെയ്ക്കും. ചിരപരിചിതമായ വഴിയില്‍ കണ്ണടച്ച് വേണേലും നടക്കാം. ഉള്ളിലെ ഭയത്തെ അടക്കാന്‍ നോവലിലെ രംഗങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ നടന്നു. അറ്റം കാണാത്ത മരുഭൂമിയിലെ പ്രയാണം പോലെ തോന്നി ഇരുട്ടിലൂടെയുള്ള ഈ നടത്തം.

ഇടവഴി കഴിഞ്ഞാല്‍ കോവിലകം പറമ്പായി. എന്നോ അന്യം നിന്ന് പോയ ഒരു കോവിലകം. കോവിലകത്തിന്റെ അടിത്തറ പോലും ബാക്കിയില്ല. ഇടിഞ്ഞുപൊളിഞ്ഞ ഭഗവതിപ്പുര ബാക്കിയുണ്ട്. തന്റെ വീടിനു നേരെ ദര്‍ശനം നല്‍കുന്ന ആ പൊളിഞ്ഞ കോവിലിന്റെ നടയില്‍ പലപ്പോഴും തിരി കൊളുത്തുന്നത് ഞാനാണല്ലോ ! തനിക്കു കൂട്ടിനായ് അമ്മ ഉണ്ടാവും. ആ ഒരു ധൈര്യത്തില്‍ വേഗം നടന്നു. പെട്ടെന്ന് ഒരു കല്ലില്‍ തട്ടി ഒരു വീഴ്ചയായിരുന്നു. ബാഗ് കയ്യില്‍ നിന്ന് തെറിച്ചു പോയി. താന്‍ എങ്ങോട്ട് തിരിഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നത് . വീട്ടിലെ റാന്തല്‍ വിളക്കിന്റെ നാളം നോക്കിയായിരുന്നു നടന്നിരുന്നത്. ഇപ്പോള്‍ അത് കാണാനില്ല. എങ്ങും ഇരുട്ട് മാത്രം. ഒരു ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ ? അമ്മേ... ആരാവും..?
ഇരുളിന്റെ പൊന്ത വകഞ്ഞു മാറ്റി വെളിച്ചത്തിന്റെ വൃത്തത്തില്‍ ആരാണ് നില്‍ക്കുന്നത്. തെയ്യത്തിന്റെ വേഷം പോലെ. ഉലയുന്ന കുരുത്തോല കിരീടം. കയ്യില്‍ വാള്‍. ആ രൂപം തന്റെ നേരെയാണല്ലോ!!
- എന്തെയിത്ര വൈകി-
ഒരു ആണ്‍ ശബ്ദം.
വേഷം കെട്ടുന്ന നാണുവിനെ ഓര്‍മ്മ വന്നു.
- ഞാന്‍ ....-
ശബ്ദം വരുന്നില്ല.
-ചോര കണ്ടിട്ടാണ് വരുന്നത് ല്ലേ?-
കോളേജിലെ രക്ത സാക്ഷി രാജന്റെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
- എനിക്ക്....-
വാക്കുകള്‍ക്ക് കടിഞ്ഞാന്‍ വീണു കഴിഞ്ഞിരുന്നു.
-ഞാനവന്റെ അമ്മയാ. ജാനകി . ന്റെ ഒറ്റ മോനാ ഓന്‍, എത്ര പ്രാര്‍ഥിച്ചിട്ടാണോ ഓന്‍ ഇണ്ടായത്. ഞാക്ക് ഇനി ആരൂല്ല.... -
തെയ്യം പൊട്ടിക്കരയുന്നുണ്ടായിരുന്നു.
പൊടുന്നനെ അതൊരു അട്ടഹാസമായി.
- ഞാന്‍ ഭഗവതിയാണ്. അമ്മദൈവം. അമ്മദൈവം.. ഹ ഹ ഹ ഹ -
വാളിന്റെ മുത്തുകള്‍ ചിലമ്പിക്കൊണ്ടിരുന്നു.
അട്ടഹാസം പൊടുന്നനെ നിലയ്ക്കുകയായിരുന്നു.
ദൂരെ അപ്പോള്‍ റാന്തല്‍ വിളക്കിന്റെ നാളം തെളിഞ്ഞു കാണാമായിരുന്നു. കാലില്‍ തടഞ്ഞ ബാഗും തൂക്കി വേഗത്തില്‍ വെളിച്ചം ലക്ഷ്യമാക്കി നടന്നു.