Monday, April 5, 2010

പാമ്പാട്ടിയുടെ പൊണ്ടാട്ടി

സ്വപ്നങ്ങളുടെ തുടര്‍ച്ചയാണോ തന്റെ ജീവിതം? പകല്‍ സ്വപ്നങ്ങളുടെ യാഥാര്‍ത്യമോ ? ചിലപ്പോള്‍ ആയിരിക്കും. സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഉച്ചനേരത്തു കിടക്കയില്‍ മലര്‍ന്നു കിടന്ന് അവ്യക്തമായ ചില സ്വപ്‌നങ്ങള്‍ കാണാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തില്‍ അവ്യക്തമായ ഒരു രൂപത്തെയും കണ്ടിരുന്നില്ലേ ? ആ അദൃശ്യ വ്യക്തി ആരായിരുന്നു. മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണോ? പാമ്പാട്ടിയുടെ കയ്യില്‍ അമര്‍ത്തി ഞെക്കിയോ എന്ന് സംശയം. തൊട്ടടുത്തിരുന്ന അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഇനി എത്ര ദൂരം കാണും?
ഏതോ ഊഷരഭൂമിയില്‍ നിന്നുള്ള പലായനം പോലെ തോന്നുന്നു. അത് മഞ്ഞിന്‍ കൂടാരത്തിലാവുമോ എത്തിപ്പെടല്‍. ആവില്ല. എന്നാലും മനസ്സിന്റെ ആ തെയ്യാറെടുപ്പ്
ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇനി മാറ്റുരക്കേണ്ട ആവശ്യമില്ല. ഏതാനും നിമിഷങ്ങള്‍ കൊണ്ടെടുത്ത ഒരു തീരുമാനം. ആ തീരുമാനം തന്റെ കാഴ്ചപ്പാടില്‍ ശരി തന്നെയായിരുന്നു. നേരം പുലര്‍ന്നാല്‍ നാട്ടുകാര്‍ക്ക് ഒരു പുതിയ വിശേഷം കൂടി. കുറച്ചു നാളുകള്‍ അവര്‍ക്ക് അത് മതിയാകും. എന്തൊക്കെ വ്യാഖ്യാനങ്ങളായിരിക്കും.മനസ്സ് അസ്വസ്ഥമാവാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.

അച്ഛന്‍ ? ഒറ്റയ്ക്ക് വീട്ടില്‍ ?
സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഒരു സുപ്രധാന തീരുമാനമെടുക്കുന്ന സമയത്ത് അച്ഛനെ മനപൂര്‍വ്വം മറന്നതാണോ?
ക്ഷമിക്കൂ അച്ഛാ ...
അച്ഛന്റെ മകള്‍ ജീവിതത്തിന്റെ അറിയപ്പെടാത്ത പുതിയ മേഖലയിലേക്കുള്ള യാത്രയിലാണ് . അനുഗ്രഹിക്കൂ...

കണ്ണ് നിറയുന്നോ ..
കണ്ണീരിലൂടെ ഏതൊക്കെയോ നിഴല്‍രൂപങ്ങള്‍ ചലിക്കുന്നുവോ?
-ഈ ആനേനെപോലെ കറുത്തതിനെയാണോ നീയെനിക്ക് കണ്ടത്... നിന്നെ....-
അയാള്‍ തല്ലാനെന്നോണം രാമന്നായരുടെ നേര്‍ക്കടുത്തപ്പോള്‍ മറ്റാള്‍ക്കാര്‍ കൂടി പിടിച്ചു മാറ്റി. കൂട്ടത്തില്‍ വന്ന കാരണവര്‍ രണ്ടാം മുണ്ടെടുത്ത് കുടഞ്ഞിട്ടു പറഞ്ഞു.
- കാര്‍ന്നോരെ, നിങ്ങളെ പങ്കപ്പാട് ഞങ്ങള്‍ക്ക് മനസ്സിലായി. പക്ഷെ അത് താങ്ങാന്‍ എന്റെ മരുമോന്‍ തന്നെ വേണംന്നുല്ലല്ലോ... ഇന്നാട്ടിലും പൊറത്തും ചെറുക്കന്മാര് ഇനീണ്ടല്ലോ .. സമയം വൈകിക്കുന്നില്ല. ഞങ്ങളിറങ്ങുന്നു. -
അച്ഛനപ്പോള്‍ കാല്‍ മുട്ടിന്മേല്‍ തല ചായ്ച്ചു ഇരിക്കുകയായിരുന്നു. ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ . പക്ഷെ എല്ലാം കേള്‍ക്കുന്നുണ്ടാവും. വാതിലിന്റെ മറവില്‍ നിന്ന് പൂമുഖത്തേക്ക്‌ ഓടിച്ചെന്നു അച്ഛനെ ആശ്വസിപ്പിക്കണമെന്ന് തോന്നി.. എന്നെ ചുറ്റിപ്പറ്റിയുള്ള ഈ സംഭവങ്ങളൊന്നും എന്റെ മനസ്സിനെ തീരെ വേദനിപ്പിചിരുന്നില്ല. ഈ വന്ന ചെറുക്കന്‍ എത്രാമാത്തെതാണ് . കണക്കു കൂട്ടിനോക്കി. പത്തോ പന്ത്രണ്ടോ ആയിക്കാണും. തന്നെ കാണാന്‍ വരുന്നവര്‍ ചായകുടിയും കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ "വിവരമറിയിക്കാം" എന്നാ ഒറ്റവാക്ക് എറിഞ്ഞു തന്നാണ് പോവാറ്. അച്ഛന്‍ അതില്‍ പിടിച്ചു കാത്തിരിക്കും. രണ്ടു ദിവസം കഴിഞ്ഞാല്‍ തല താഴ്ത്തി പിടിച്ചു ദല്ലാള്‍ രാമന്‍നായര്‍ കയറിവരും. കുറച്ചു നേരം അച്ഛനോട് മറ്റു വിശേഷങ്ങള്‍ എന്തെങ്കിലും പറഞ്ഞിരിക്കും . അച്ഛന്‍ ഒടുവില്‍ പൊറുതിമുട്ടി ചോദിക്കും.
-രാമന്നായരെ , അവരെന്തു പറഞ്ഞു?-
രാമന്‍നായര്‍ തെല്ലുനേരം മൌനിയായിരിക്കും. പിന്നെ എഴുന്നേറ്റു രണ്ടു ചാല്‍ നടക്കും. അച്ഛനും അപ്പോള്‍ എഴുന്നേറ്റു രാമന്നായരുടെ പിന്നാലെ നടക്കും. അപ്പോള്‍ കേള്‍ക്കാം.
-കേട്ടോ കൃഷ്ണന്‍നായരെ . നമുക്കത് ശരിയാവില്ല. നമുക്ക് വേറെ നോക്കാം. അവര്‍ക്ക്...-
-പിടിച്ചില്ല അല്ലേ... ദൈവേ ന്റെ മോള്...-

കറുപ്പ്. കറുത്ത ദേഹം. തനിക്കു ശാപം കിട്ടിയ ഈ കറുപ്പ് നിറം. വരുന്നവര്‍ക്കൊക്കെ ഇഷ്പ്പെടാത്തതിനും, നാട്ടിലെ ചെറുപ്പക്കാര്‍ക്കൊക്കെ പരിഹാസ പാത്രമാവുന്നതിനും, തൊലിക്ക് മേലുള്ള ഈ കറുപ്പാണ് മുഖ്യ കാരണം എന്നറിഞ്ഞപ്പോള്‍ ഒട്ടും ദുഃഖം തോന്നിയില്ല. അടുക്കളയില്‍ ചെന്ന് ഒരു കഷ്ണം കരിക്കട്ടയെടുത്തു കയ്യിന്മേല്‍ ശക്തിയില്‍ വരച്ചു. ആ കറുത്ത രേഖ പോലും ശരിക്കും തെളിഞ്ഞു കണ്ടില്ല.
മേലാകെ ചോര പൊടിഞ്ഞു. നീറ്റല്‍ സഹിക്കാന്‍ കഴിയുന്നില്ല. ശരീരത്തില്‍ നഖം കൊണ്ട് വരുത്തിയ നീളന്‍ മുറിവുകള്‍ . താനെന്താണ്‌ കാട്ടികൂട്ടിയത്. എന്നോടും മറ്റാരോടൊക്കെയോ ഉള്ള ദ്വേഷ്യത്തിനു സ്വന്തം ശരീരം തന്നെ മാന്തി കീറിയിരിക്കുന്നു.
ശരീരത്തില്‍ ഇപ്പോഴും പാടുകളുണ്ടോ...

എന്നാല്‍ താനിപ്പോള്‍ പാമ്പാട്ടിയുടെ പൊണ്ടാട്ടിയാണ്. തന്നെ സംരക്ഷിക്കാനൊരു പുരുഷന്‍ ... സംരക്ഷിക്കുമോ?
സേലത്ത് ചെന്നാല്‍ തനിക്കു അവരുടെ ഭാഷ വശമുണ്ടോ ? പതുക്കെ അതും പഠിക്കാം. വീട്ടില്‍ ആരൊക്കെയുണ്ട് എന്നൊന്നും ചോദിച്ചില്ല.
ഏതോരു നിമിഷത്തില്‍ എന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
അത് തീര്‍ത്തും തെറ്റല്ലേ ?
ഇതിലൂടെ എനിക്ക് എന്നെ കണ്ടെത്താനല്ലേ കഴിഞ്ഞിരിക്കുന്നത്?
ഒരുറച്ച തീരുമാനത്തിന് ഏതാനും നിമിഷങ്ങളുടെ ദൈര്‍ഘ്യത മാത്രം .
ആ നിമിഷങ്ങളില്‍ മനസ്സിലെ പിരിമുറുക്കം...

അമ്മാ... അമ്മാ....
ആരോ പുറത്തു നിന്ന് വിളിച്ചു കൂവുന്നു. ആരാണാവോ ഈ സന്ധ്യക്ക്‌. ഏതോ ഭിക്ഷക്കാരനാവും. ഒരൊറ്റ നാണയം പോലുമില്ല കയ്യില്‍..
പുറത്തു കറുത്തു തടിച്ച ഒരു ചെറുപ്പക്കാരന്‍ . കയ്യില്‍ ഒരു കൂട. തോളില്‍ ഭാണ്ഡം .
-എന്താ. എന്തുവേണം-
-പാമ്പാട്ടിയാണേയ് -
ഈണം കലര്‍ന്ന പരുക്കന്‍ സ്വരം.
അതുംപറഞ്ഞു അയാള്‍ നിലത്തിരുന്നു . മുന്‍പില്‍ കൂടവെച്ചു. ഭാണ്ഡം തുറന്നു കുഴലെടുത്ത് ഊതാന്‍ തുടങ്ങി . അയാള്‍ കൂടയുടെ മൂടി തുറന്നു. ചുരുണ്ട് കിടക്കുന്ന പാമ്പ് . മെല്ലെ മെല്ലെ അത് തലപൊക്കാന്‍ തുടങ്ങി. പത്തി വിടര്‍ത്തി പാമ്പ് നിലത്തിഴയാന്‍ തുടങ്ങി.
ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. എന്റെ മനസ്സിലും പെട്ടെന്നെന്തോ ഇഴയുന്നത്‌ പോലെ. അയാളുടെ കുഴലില്‍ നിന്നും പുറത്തു വരുന്ന സംഗീതം കേട്ട് എന്റെ മനസ്സായിരുന്നു അപ്പോള്‍ പത്തി വടര്‍ത്തി ആടാന്‍ തുടങ്ങിയത്. ഏതോ തെയ്യാറെടുപ്പിന്റെ തുടക്കമെന്നോണം ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
-നിര്‍ത്തൂ-
ശബ്ദം ഉച്ചത്തില്‍ ആയിപ്പോയെന്ന് തോന്നുന്നു. അയാള്‍ അന്ധാളിപ്പോടെ എന്നെ നോക്കി. പാമ്പിനെ പിടിച്ചു കൂടയിലിട്ടു അടച്ചു എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ അടുത്തേക്ക്‌ നടന്നു ചെന്നു .
-ഞാനും വരുന്നു നിങ്ങളെ കൂടെ -
ശബ്ദം വിറച്ചിരുന്നെകിലും പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു എന്ന് ശബ്ദം കേട്ടപ്പോള്‍ മനസ്സിലായി. അയാള്‍ എന്തോ കണ്ടു ഞെട്ടിയെന്നോണം ചുറ്റിനും നോക്കി . വീടിന്റെ ഉള്ളിലേക്ക് പാളി നോക്കിയപ്പോള്‍...
- ഇവിടെ ആരൂല്ല . അച്ഛന്‍ പുറത്തു പോയിരിക്യാ. നിങ്ങളെ നാടെവ്ട്യാ -
-ചേലം-
അയാള്‍ തന്റെ കണ്ണിലേക്കു തുറിച്ചു നോക്കികൊണ്ട്‌ പതുക്കെ പിറുപിറുത്തു.
- നിങ്ങള്‍ കല്ല്യാണം കഴിച്ചതാ ?-
-ഇല്ലൈ-
-പിന്നെ.... രാത്രി വൈകുമ്പോള്‍ പുളിമരത്തിന്റെ ചോട്ടില് വന്നു നിന്നോളൂ. ഞാനിറങ്ങി വരും. വരില്ലേ പാമ്പാട്ടി.. ?
മനസ്സ് നിശ്ചയ പൂര്‍ത്തീകരണത്തിന്റെ പടികളിലായിരുന്നത് കൊണ്ട് വാക്കുകള്‍ക്കു ഉറപ്പും വേഗതയുംഉണ്ടായിരുന്നു.
-- ഉം - അയാള്‍ കനത്തില്‍ ഒന്ന് മൂളി..
ഒരു പുരുഷന്റെ സമ്മതം മൂളല്‍ ആദ്യമായ് കേട്ടു .സേലത്തെ ഒരു പാമ്പാട്ടിയുടെ പോണ്ടാട്ടിയായിതീരാന്‍ പോവുന്നു ഞാന്‍ .

റെയില്‍വേ സ്റ്റേഷന്‍ എത്താറായി. പാമ്പാട്ടിയുടെ നിഴലും നോക്കി പിന്നാലെ നടന്നു. പതിനൊന്നുമണിക്ക് പുളിമരത്തിന്റെ ചോട്ടില്‍ ചെന്നപ്പോള്‍ ആളെ അവിടെയൊന്നും കണ്ടില്ല..
പെട്ടെന്ന് തോളില്‍ കയ്യമര്‍ന്നു...
ഞെട്ടി ത്തിരിഞ്ഞപ്പോള്‍ അയാള്‍..
അയാളെ ചാരായം മണക്കുന്നുണ്ടായിരുന്നു.
പെട്ടെന്നായിരുന്നു അയാള്‍ നിലത്തേക്കു കൈ ചൂണ്ടി ആജ്ഞാപിച്ചത് .
-ഉം ..-
അയാള്‍ ആജ്ഞാപിച്ചതിന്റെ അര്‍ഥം ഊഹിച്ചെടുക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. കഴുത്തില്‍ ഒരുമിന്നെങ്കിലും വീഴാതെ...
ഉം ഉം ഉം
നിഷേധ ഭാവത്തില്‍ തലയാട്ടി..
-നീ താന്‍ എന്‍ പൊണ്ടാട്ടി ? -
അയാളുടെ മുഖം കനത്തു നിന്നിരുന്നു.
അതെ...
താന്‍ പാമ്പാട്ടിയുടെ പോണ്ടാട്ടിയാണ്..
ചരല്‍ക്കല്ലുകളില്‍ കൈ അമര്‍ന്നതിനാല്‍ വല്ലാത്ത വേദന .ശക്തിയായി കൈ കുടഞ്ഞു.

ശരീരം ഒന്ന് മുന്നോട്ടു ആഞ്ഞു.
ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നിരിക്കുന്നു.
സീറ്റില്‍ ചാരി മയങ്ങുകയാണ് എന്റെ പാമ്പാട്ടി . പാമ്പാട്ടിയുടെ ശരീരത്തിന് ഒരു പ്രത്യേകഗന്ധമായിരുന്നു. പാമ്പിന്റെ മണമായിരിക്കും.
വണ്ടിയുടെ കുലുക്കത്തില്‍ ഞെട്ടിയുണര്‍ന്നു ചുറ്റിനും നോക്കി. സീറ്റ് ശൂന്യം. താഴെ നിലത്തു ഭാണ്ഡംഇല്ല. കൂടയില്ല. യാത്രക്കാരെല്ലാം എഴുന്നേറ്റു നില്‍ക്കുകയാണ്. ചിലര്‍ പെട്ടിയും സാമാനങ്ങളുംഒരുക്കുന്നു.കുട്ടികളെ എടുത്തു നില്‍ക്കുന്ന അമ്മമാര്‍ , അടുത്തു കൊണ്ടിരിക്കുന്ന സ്റ്റേഷന്‍ പരിസരംചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു.
എന്റെ പാമ്പാട്ടി എവിടെ ?
എവിടെ?
തീവണ്ടി മെല്ലെ നിന്നു. യാത്രക്കാരുടെയിടയില്‍ മുഴുവന്‍ പരതി.
പാമ്പാട്ടീ....
ഉച്ചത്തില്‍ വിളിച്ചു നോക്കി.
തീവണ്ടിയിലുള്ളവര്‍ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.
എന്തായിരുന്നു പേര്?
പേര് പോലും ചോദിച്ചിട്ടില്ല ...
-നിങ്ങള്‍ടെ ഭര്‍ത്താവാണോ പാമ്പാട്ടി..?-
അടുത്തു നിന്നയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ജിജ്ഞ്ഞാസയോടെ പറഞ്ഞു .
-അതെ -
-അയാള്‍ നാലഞ്ചു സ്റ്റേഷന്‍ മുന്‍പേ കെട്ടും ഭാണ്ഡവുമായി ഇറങ്ങിയല്ലോ -
നിങ്ങളെങ്ങോട്ടാ..?-
പാമ്പാട്ടി..??.
തല കറങ്ങാന്‍ തുടങ്ങിയപ്പോള്‍ കമ്പിയില്‍ പിടിച്ചു. ആയാസപ്പെട്ട്‌ കണ്ണ് തുറന്നു ചുറ്റിനും നോക്കി.
ചുറ്റിനും പാമ്പാട്ടിമാര്‍ നിരന്നിരിക്കുന്നു. എല്ലാവരും ഉച്ചത്തില്‍ കുഴലൂത്ത് നടത്തുന്നുണ്ടായിരുന്നു. അവരുടെ മുന്‍പില്‍ പത്തി വിടര്‍ത്തി ആടുന്ന പാമ്പുകള്‍ ..
എല്ലാവരുടെയും മുഖം ശ്രദ്ധിച്ചു നോക്കി. എല്ലാര്‍ക്കും അയാളുടെ ച്ഛായയായിരുന്നു.
പാമ്പാട്ടിയുടെ ... എന്റെ പാമ്പാട്ടിയുടെ....

23 comments:

Umesh Pilicode said...

സ്വപ്നങ്ങളുടെ തുടര്‍ച്ചയാണോ തന്റെ ജീവിതം? പകല്‍ സ്വപ്നങ്ങളുടെ യാഥാര്‍ത്യമോ ? ചിലപ്പോള്‍ ആയിരിക്കും.


തീര്‍ച്ചയായും
:-)

Sulthan | സുൽത്താൻ said...

കൊള്ളാം.

അഖ്യാന രീതി പുതുമയുണർത്തുന്നു.

ആശംസകൾ

Sulthan | സുൽത്താൻ

സുമേഷ് | Sumesh Menon said...

കൊള്ളാം...
നല്ല കഥനരീതി..

ചെറിയ നിര്‍ദേശം..:
ഖണ്ഡിക തിരിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.. പിന്നെ നീളവും വെട്ടിച്ചുരുക്കുന്നത് ആസ്വാദ്യമായ വായനക്ക് സഹായമായിരിക്കും...

sm sadique said...

സമൂഹത്തില്‍ ഒത്തിരി പമ്പാട്ടിമാര്‍ മകുടി ഊതികൊണ്ടേ ഇരിക്കുന്നു . നമ്മള്‍ ചതുപ്പിലേക്ക് ഇറങ്ങാതെ സൂക്ഷിക്കുക . സ്വപ്നങ്ങള്‍ യാഥാര്‍ത്ത്യങ്ങളിലെക്ക് സഞ്ചരിക്കുന്നു ഇവിടെ .

ഹംസ said...

പുതുമയുണ്ട്. കഥ കൊള്ളാം…:)

krishnakumar513 said...

കഥ കൊള്ളാം.ഇനിയും തുടര്‍ന്ന് എഴുതൂ...

കടല്‍മയൂരം said...

ഉമേഷ്‌ പിലിക്കൊട്
Sulthan | സുൽത്താൻ
സുമേഷ് | Sumesh Menon
sm sadique
ഹംസ
krishnakumar513
നന്ദി . വായിച്ചതിനു...നിര്‍ദേശങ്ങള്‍ ഇഷ്ടമായി. അങ്ങിനെതന്നെ തുടരാം....

എന്‍.ബി.സുരേഷ് said...

പാമ്പാട്ടിയില്‍ കഥയുണ്ട്. നരേഷനും നന്നു. നല്ല ഫാന്റസി. കുറച്ചുകൂടി മുറുക്കാമായിരുന്നു. വിവാഹിത എന്നത് പെണ്ണിനു നിലനില്‍ക്കനുള്ള പദവിയാണോ? എഴുതുക വീണ്ടും. ഒന്നാം പകല്‍(സതീഷ് ബാബു പയ്യന്നുര്‍) മരപ്പാവകള്‍, പൂവന്‍പഴം(കാരൂര്‍) കുട്ട്യെടത്തി(എം.ടി) എന്റീശ്വരാ(മുണ്ടൂര്‍) കനകം, പുലപ്പേടി(എന്‍.എസ്.മധവന്‍) അന്നമ്മറ്റീച്ചര്‍ ഒരോര്‍മ്മക്കുറിപ്പ്(സക്കറിയ)തുടങ്ങിയവ വായിചിട്ടുണ്ടോ? അപ്പര്‍ത്തീഡ് പുരുഷന്‍ വച്ചു പുലര്‍ത്തുന്ന ഒരു പ്രശ്നമാന്ണ്.ഭാവുകങ്ങള്‍.

വരവൂരാൻ said...

നന്നായി എഴുതാൻ കഴിയുന്നുണ്ട്‌...അവതരണം നന്നായിരിക്കുന്നു...ആശം സകൾ ..തുടരുക

Readers Dais said...

കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു, സാധാരണ വായനകാരന് ഉതകുന്ന രീതിയിലുള്ള വര്‍ണനകളും, പക്ഷെ എന്തോ...അതിന്റെ.. ആ... ഒരു ഇറങ്ങി പോക്കും , പാമ്പാട്ടിയും.... അങ്ങ് ദഹിച്ചില്ല, തൊലിവെളുപ്പു മാനദണ്ഡം അല്ലാത്ത ഒരു കാലത്തായത് കൊണ്ടാകാം കേട്ടോ .....
:)

പട്ടേപ്പാടം റാംജി said...

എന്റെ മനസ്സിലും പെട്ടെന്നെന്തോ ഇഴയുന്നത്‌ പോലെ.

കറുപ്പ് നിറത്തിന്റെ പിടിയില്‍ നിന്ന് പട്ടാമ്പിയിലേക്ക് ഇറങ്ങിയിട്ടും മുങ്ങിത്തപ്പല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
കൊള്ളാം.
നന്നായി.

jayanEvoor said...

പുതുമയുള്ള കഥ.

അതിന് അഭിനന്ദനങ്ങൾ.

(പാമ്പാട്ടിയുമായുള്ള സംഭാഷണങ്ങളും ആദ്യസമാഗമവും ഒക്കെ അല്പം കൂടി വിശ്വാസ്യമായി അവതരിപ്പിക്കാമായിരുന്നു.ഇതിൽ ഒരല്പം വിശ്വാസക്കുറവ്!)

Kalavallabhan said...

കൊള്ളാം, ഒരു സ്വപ്നം പോലെ

നിയ ജിഷാദ് said...

കൊള്ളാം...

ജയരാജ്‌മുരുക്കുംപുഴ said...

mikacha avatharanam...... aashamsakal.....

Yesodharan said...

സര്‍വ സാധാരണമായ ഒരു കഥ
കഥ പറച്ചിലിന്റെ ശൈലി കൊണ്ട് മനോഹരമാക്കിയിരിക്കുന്നു എഴുത്തുകാരി....
കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സിലെവിടെയോ
ഒരു ചെറിയ നൊമ്പരം ബാക്കിയാവുന്നു...
നന്നായിരിക്കുന്നു,,,,
ഇനിയും എഴുതുക...
ഭാവുകങ്ങള്‍....

കടല്‍മയൂരം said...

വിവാഹിതയാവുക എന്നതിലൂടെ സമൂഹം കനിഞ്ഞരുളുന്ന നിലനില്‍പ്പും മറ്റു സദാചാരങ്ങളും വിവാഹം കഴിയാത്ത ഒരു പെണ്ണിന് കിട്ടില്ല . നിലനിര്‍ത്താന്‍ പോലും ആവില്ല . അവള്‍ എന്നും വെട്ടയാടികൊണ്ടിരിക്കും. സമൂഹം അങ്ങിനെയാണ്. സമൂഹം എന്നത് പുരുഷാധിപത്യം തന്നെ. പുരുഷന്റെ വാക്കുകള്‍ തന്നെ അവിടെ പ്രതിധ്വനിക്കുന്നു. നന്ദി ഈ വായനക്ക്.
n.b.സുരേഷ്
വരവൂരാൻ
Readers Dais
പട്ടേപ്പാടം റാംജി
jayanEvoor
Kalavallabhan
നിയ ജിഷാദ്
jayarajmurukkumpuzha
Yesodharan

കടല്‍മയൂരം said...

hAnLLaLaTh said...

ബ്ലോഗില്‍ വളരെ അപൂര്‍വ്വമായി മാത്രം
കാണുന്ന പച്ച ജീവിതത്തിന്റെ ചൂരു മണക്കുന്ന അക്ഷരങ്ങള്‍...

സ്ത്രീധനം മൂലം,
നിറം കുറവായത് മൂലം
ഉന്തിയ പല്ലുള്ളത് കാരണം
എത്രയോ പെണ്‍കുട്ടികള്‍ പൊട്ടിപ്പോയ സ്വപ്‌നങ്ങള്‍ മനസ്സിലടുക്കിക്കഴിയുന്ന
നാട്ടിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവാണ് ഈ വരികള്‍ നല്‍കുന്നത്.

നല്ല കഥ നല്ല .
നല്ല എഴുത്ത് എന്നൊക്കെ പറയുന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത്
എനിക്ക് നൊന്തു എന്ന് പറയാനാണ്.

ജീവിതം വര്‍ണ്ണനകളും തൊങ്ങലുകളുമില്ലാതെ വരികളിലാക്കുക എന്നത് എല്ലാവര്ക്കും കഴിയുന്നതല്ല

ഇനിയും എഴുതുക...
നിറഞ്ഞ നന്മകള്‍ നേരുന്നു

കടല്‍മയൂരം said...

ഹന്ല്ലലത്തിനു ഹൃദയം നിറഞ്ഞ നന്ദി ........

വെള്ളത്തിലാശാന്‍ said...

പുതുമയുള്ള അവതരണ രീതി.. കൊള്ളാം..

Wash'Allan JK | വഷളന്‍ ജേക്കെ said...

കാണാമറയത്തിനു, നന്നായി എഴുതുന്നുണ്ട്. സുരേഷ് പറഞ്ഞ പോലെ വെളുത്ത നിറം പുരുഷന്റെ ഒരു സങ്കല്പമാണ്. പുറംചട്ട വ്യക്തിത്വത്തിന്റെ മുഖമുദ്രയല്ല.

എഴുതൂ, ഇനിയും വരാം. ആശംസകള്‍.

ഒരു യാത്രികന്‍ said...

യദ്രിശ്ചികമായി എത്തി...എത്തിയപ്പോഴോ മനസുനിറഞ്ഞ വിരുന്ന്...കരുത്തുള്ള രചന......സസ്നേഹം

എറക്കാടൻ / Erakkadan said...

:)