Friday, June 4, 2010

സുന്ദരിയുടെ നിര്‍ത്താത്ത ചിരി


മഴ ശക്ത്തിയായി പെയ്യുന്നുണ്ട്. മുറ്റത്ത് തളം കെട്ടിയ കലക്ക വെള്ളത്തില്‍ നോക്കിയിരുന്നു. ആകാശം കനിഞ്ഞു നല്‍കിയ തേന്‍ കണങ്ങളില്‍ പുളകിതയായ ഭൂമി. കാലങ്ങളോളം കാത്തിരിക്കാം . തീര്‍ത്ഥ കണങ്ങള്‍ മനസ്സില്‍ ഏറ്റുവാങ്ങാന്‍ . ഈ ഒരു നിര്‍വൃതി ക്ക് വേണ്ടി , പക്ഷെ മനുഷ്യന്‍ മാത്രം എന്തേ പിശുക്കനാവുന്നു? പകര്‍ന്നു നല്‍കണം. സ്നേഹമെങ്കിലും പകുക്കേണ്ടേ? എന്നും ഒരേ ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മഴയ്ക്ക് വീണ്ടും ശക്തി കൂടുന്നു. ദൂരെ മേഘങ്ങള്‍ മൂടിയ മലയുടെ ഒരു തുമ്പു കാണാം. ചോദ്യ ചിഹ്നം പോലെ...
-- സുന്ദരീ--
ഓ. ഇപ്പോള്‍ വല്ല്യ സന്തോഷത്തിലായിരിക്കും. പുതുമഴയല്ലേ. എഴുത്തിനു ശക്തി കൂടുമത്രേ . ഉണ്ടാവും. അറിയില്ല. ഇതിപ്പോള്‍ എത്രാമത്തെ പെഗ്ഗായിട്ടുണ്ടാവും. രണ്ടോ മൂന്നോ? രണ്ടു കഴിഞ്ഞാല്‍ പിന്നെ മുറിയില്‍ നില്‍ക്കില്ല. അടുക്കളയിലേക്കോ മുറ്റത്തെക്കോ മാറും. അകത്തുനിന്നും അപ്പോള്‍ ചിരി കേള്‍ക്കാം. ചിലപ്പോള്‍ മൊബൈലില്‍ സംസാരം. തന്നോട് മാത്രം ഒന്നും പറയാനില്ലത്രേ . ഒരിക്കല്‍ ചോദിച്ചതാണ്.
--നീയല്ലേ എന്റെ സര്‍വ്വവും . ഞാനെന്നാല്‍ നീയല്ലേ --
-- ന്നാലും ഇടക്കെങ്കിലും , ന്നോടെന്തെങ്കിലും --
--നിന്നോട് എന്താ പറയ്യാ. കവിതയെ പ്പറ്റിയോ?--
അതും പറഞ്ഞു പൊട്ടിച്ചിരിച്ചു.
ഒരു ദിവസം താനിവിടെ ഇല്ല്ലാണ്ടായാല്‍ എന്ത് ചെയ്യും. ഓര്‍ക്കാറുണ്ട്. അല്ലെങ്കില്‍ താന്‍ പെട്ടെന്നങ്ങ് മരിച്ചു പോയാലോ. ആര്‍ക്കു നഷ്ടം. ഓര്‍ത്ത്‌ കരയാന്‍ ആരെങ്കിലും. ഒരു വ്യര്‍ത്ഥ ജന്മം.
-- സുന്ദരീ--
വിളിക്ക് ശക്തി കൂടി..
മുന്‍വാതില്‍ ചാരി മുറിയിലേക്ക് ചെന്ന്. കസേരയില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കയാണ്‌. കയ്യില്‍ എരിയുന്ന സിഗരട്ട്. ചാരം തട്ടാതെ നീണ്ടു നില്‍ക്കുന്നു. തന്നെ കണ്ടപ്പോള്‍ വെറുതെ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ചതഞ്ഞരഞ്ഞ ചിരി ചുണ്ടിന്റെ കോണില്‍ വികൃതമായി കിടന്നു. ഇറുകിയിരിക്കുന്ന കണ്ണുകളില്‍ നോക്കിയപ്പോള്‍ .. വയ്യ...
--നീയെന്താ തുറിച്ചു നോക്കുന്നത്.. ഒരു മാതിരി..--
ദ്വേഷ്യത്തിന് വഴി മാറുന്ന മുഖം തനിക്കു അപരിചിതമല്ലല്ലോ. ആരുമല്ലാതാവുന്ന നിമിഷങ്ങള്‍ . ഭ്രാന്തു പിടിക്കും.ഓരോ പെഗ്ഗ് കഴിയുമ്പോഴും അകന്നകന്നു പോകുന്ന ഒരു മുഖം. ഇരുട്ടിന്റെ കോട്ടയില്‍ അകപ്പെട്ട പോലെ .ചിറകരിഞ്ഞ ഒരു പക്ഷിയെ സ്വപ്നം കാണാറുണ്ട്‌ പലപ്പോഴും. അല്ലെങ്കില്‍ ചിറകു മുളക്കാത്തതോ? അവ്യക്തത നിറഞ്ഞ സ്വപ്നങ്ങളും, ജീവിതവും.
കുറേനേരം മുറിയില്‍ തങ്ങി തിരികെ അടുക്കളയില്‍ തിരിച്ചെത്തി. തന്റെ ലോകം. കരിയടുപ്പിന്റെ സ്ഥാനത്ത് ഗ്യാസ് കണക്ഷന്‍ കിട്ടിയിട്ട് അധികമായിട്ടില്ല. ചുവരില്‍ പടര്‍ന്നു കയറിയ കരിപ്പാടുകള്‍ നോക്കിയിരുന്നു. കറുപ്പിന്റെ അഗാധതയില്‍ നിന്നും ഒരു നിലവിളി ഉയരുന്നുണ്ടോ?വെളിച്ചത്തെ സ്വീകരിക്കാത്ത നിറം . പക്ഷെ ചൂടിനെ ആവാഹിക്കുകയും ചെയ്യും. കൈ രണ്ടും ചുവരില്‍ തേച്ചപ്പോള്‍ കൈപ്പത്തിയും അതെ നിറം. മുഖത്തു വാരി തേച്ചു. താനപ്പോള്‍ പൊട്ടിച്ചിരിച്ചതെന്തേ ?
അഴിഞ്ഞ മുണ്ടുമായ് തന്റെ പുറകില്‍ വന്നു ചോദിച്ചപ്പോള്‍ താന്‍ ഞെട്ടിയില്ല . ഒന്ന് കൂടി ചിരിച്ചുവോ?
-- നിനക്കെന്ത ഭ്രാന്തുണ്ടോ ?--
-- എനിക്കോ. ഭ്രാന്ത് എനിക്കല്ല. നിങ്ങള്‍ക്കാ..--
പക്ഷെ ആ മുഖത്തു നിറഞ്ഞു കവിയുന്ന ഒരു തരം ഭയം കണ്ടു അവള്‍ക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഭയം കൊണ്ടയാള്‍ വിറക്കുന്നുണ്ടായിരുന്നു .ചിരിയുടെ ഉന്മാദാവസ്ഥയില്‍ താന്‍ ‍. ഞാന്‍ എങ്ങിനെയാണ് ചിരിക്കാതിരിക്കുക. ചിരി നിര്‍ത്താനാവാതെ കുഴയുകയാണ്. ആ മുഖം കാണുമ്പോള്‍ വീണ്ടും... വീണ്ടും....

9 comments:

Nileenam said...

ഹൃദയത്തില്‍ തൊട്ട രചന, വളരെ നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

ഒരു ദിവസം താനിവിടെ ഇല്ല്ലാണ്ടായാല്‍ എന്ത് ചെയ്യും. ഓര്‍ക്കാറുണ്ട്. അല്ലെങ്കില്‍ താന്‍ പെട്ടെന്നങ്ങ് മരിച്ചു പോയാലോ. ആര്‍ക്കു നഷ്ടം. ഓര്‍ത്ത്‌ കരയാന്‍ ആരെങ്കിലും. ഒരു വ്യര്‍ത്ഥ ജന്മം

ചിറക്‌ വിരിച്ച് പറക്കുന്ന ചിന്തകള്‍.

krishnakumar513 said...

നന്നായിരിക്കുന്നു.....

Naushu said...

Nileenam പറഞ്ഞ പോലെ ശരിക്കും ഹൃദയത്തില്‍ തൊട്ട രചന, വളരെ നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍....

sm sadique said...

വളരെ നല്ല രചന.
ആശംസകൾ.......

കാണാമറയത്ത് said...

Nileenam
പട്ടേപ്പാടം റാംജി
krishnakumar513
Naushu
sm sadique
ഇവരുടെ ഏകാന്തതയിലേക്ക് കണ്ണെറിഞ്ഞതില്‍ സന്തോഷം. കുറച്ചെങ്കിലും അറിഞ്ഞല്ലോ.. നന്ദി.

jayarajmurukkumpuzha said...

valare nannayittundu...... aashamsakal..........

അനില്‍കുമാര്‍. സി.പി. said...

സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ മനസ്സ് ഉന്മാദാവസ്ഥയിലെത്തുമായിരിക്കും, അല്ലേ?
കുറച്ച് വക്കുകള്‍ കൊണ്ട് ഒരു നല്ല കഥ.

കാണാമറയത്ത് said...

jayarajmurukkumpuzha
അനില്‍കുമാര്‍. സി.പി
santhosham ivide vannathinum.. vayichathinum, abhipraayam kurichathinum.....